മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 14,000 കടന്നു
മുംബൈ : മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപകമായി പടര്‍ന്നു പിടിക്കുന്നു. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 14,000 കടന്നു. പുതുതായി 711 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 35 പേര് മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള മുംബൈയില്‍ 510 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 18 പേര്‍ക്ക് ജീവന് നഷ്ടമായി. 42 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ധാരാവിയിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.
മഹാരാഷ്ട്രയില്‍ ഭൂരിഭാഗം കൊവിഡ് കേസുകളും മുംബൈയില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 510 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 18 പേര് മരിച്ചു. ആകെ രോഗികള്‍ 9,123. മരണസംഖ്യ 361 ആയി ഉയര്‍ന്നു. പൂനെയില്‍ 2076 പേരാണ് രോഗബാധിതരായി ഉള്ളത്. 103 പേര് മരിച്ചു. സമൂഹ വ്യാപനത്തിന്റെ എല്ലാ തെളിവുകളും മുംബൈയില്‍ പ്രകടമാണ്. ഏറ്റവും കൂടുതല്‍ ആശങ്ക നിലനില്ക്കുന്നു മേഖലയാണ് ധാരാവിയിലെ ചേരി പ്രദേശം. 42 പുതിയ പോസിറ്റീവ് കേസുകള്‍ കൂടി ധാരാവിയില്‍ ഉണ്ടായി. 632 പേര്‍ക്കാണ് ചേരിയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 20 പേര് മരിച്ചു.