കോംഗോയില്‍ സ്‌കൂളില്‍ തീപിടിത്തം; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 29 പേര്‍ക്ക് ദാരുണാന്ത്യം
കോംഗോയില്‍ സ്‌കൂളുകളില്‍ ഉണ്ടായ തീപിടിത്തത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 29 പേര്‍ക്ക് ദാരുണാന്ത്യം. കോംഗോ നഗരമായ ബുക്കാവിലാണ് സംഭവം. 19 പെണ്‍കുട്ടികളും അഞ്ച് ആണ്‍കുട്ടികളും ഉള്‍പ്പടെയാണ് അപകടത്തില…

കോംഗോയില്‍ സ്‌കൂളുകളില്‍ ഉണ്ടായ തീപിടിത്തത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 29 പേര്‍ക്ക് ദാരുണാന്ത്യം. കോംഗോ നഗരമായ ബുക്കാവിലാണ് സംഭവം. 19 പെണ്‍കുട്ടികളും അഞ്ച് ആണ്‍കുട്ടികളും ഉള്‍പ്പടെയാണ് അപകടത്തില്‍ മരിച്ചത്. നിരവധി വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം. ചികിത്സയിലുള്ള പതിനേഴ് പേരുടെ പരിക്ക് ഗുരുതരമാണ്. അടുത്തടുത്തായുണ്ടായിരുന്ന രണ്ട് സ്‌കൂളുകളിലേക്ക് തീ ആളിപ്പടര്‍ന്നായിരുന്നു അപകടം.
ഉജാമ്മ പ്രൈമറി സ്‌കൂള്‍, ഫുരാഹ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്. പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അപകടമെന്ന് യുഎന്‍ ബ്രോഡ്കാസ്റ്റര്‍ റേഡിയോ ഓകാപി റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌കൂളുകള്‍ക്ക് പുറമെ സമീപത്തെ 300ഓളം വീടുകള്‍ക്കും തീപിടിച്ചെന്നാണ് പ്രാദേശിക ഭരണകൂടവൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
തീപടര്‍ന്നതോടെ രക്ഷപ്പെടാനുള്ള തിക്കിലും തിരക്കിലും നിരവധി വിദ്യാര്‍ത്ഥികള്‍ തളര്‍ന്നുവീണു. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ സമീപത്തുള്ള ആരോഗ്യകേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റവര്‍ കാടുതു ജനറല്‍ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ചിലര്‍ അപകട സ്ഥലത്തും മറ്റു ചിലര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചതെന്ന് സമീപത്തെ ഒരു ആശുപത്രിയിലെ നഴ്‌സ് എഎഫ്പിയോട് പറഞ്ഞു. ഈ ആശുപത്രിയില്‍ പരിക്കേറ്റ അമ്പതോളം പേരെ പ്രവേശിപ്പിച്ചിട്ടുള്ളതായും കുട്ടികളും അധ്യാപകരും ഉള്‍പ്പടെയാണ് ചികിത്സയിലുള്ളതെന്നും അവര്‍ വ്യക്തമാക്കി.




