രണ്ടാമൂഴം കേസ് ഒത്തുതീര്‍പ്പായി; ശ്രീകുമാര്‍ മേനോന് രണ്ടാമൂഴം സിനിമയാക്കില്ല..!
മോഹന്‍ലാല്‍ നായകനായ ഒടിയനിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായ സംവിധായകന് വി ഏ ശ്രീകുമാര്‍. ലാലേട്ടനെ നായകനാക്കി എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ശ്രീകുമാര്‍ ഒരുക്കുന്ന രണ്ടാമൂഴം പ്രഖ്യാപിച്ചിരുന്നെങ്കിലും ആ സിനിമ ഇതുവരെയും എങ്ങും എത്തിയിരുന്നില്ല. നിര്‍മാതാക്കള്‍ മാറി മറിഞ്ഞും നിയമ നടപടികളില്‍ പെട്ടും രണ്ടാമൂഴം അനിശ്ചിതത്വത്തിലായിരുന്നു. ഇപ്പോള്‍ രണ്ടാമൂഴം നോവല്‍ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട കേസ് ഒത്തു തീര്‍പ്പായിരിക്കുകയാണ്. എം ടി വാസുദേവന്‍ നായരും സംവിധാകയന് ശ്രീകുമാര്‍ മേനോനും തമ്മില്‍ ധാരണയായി. എം ടിക്ക് ശ്രീകുമാര്‍ മേനോന് തിരക്കഥ തിരിച്ചു നല്‍കും. ശ്രീകുമാര്‍ മേനോന് എം ടി അഡ്വാന്‍സ് തുക 1.25 കോടി മടക്കി നല്‍കും. ഇതോടെ ജില്ലാ കോടതിയിലും സുപ്രീം കോടതിയിലും ഉള്ള കേസുകള്‍ ഇരു കൂട്ടരും പിന്‍വലിക്കും.
കഥയ്ക്കും തിരക്കഥയ്ക്കും പൂര്‍ണ അവകാശം എം ടിക്കായിരിക്കും. ശ്രീകുമാര്‍ മേനോന് രണ്ടാമൂഴം ആസ്പദമാക്കി സിനിമ ചെയ്യാന്‍ പാടില്ല. എന്നാല്‍ മഹാഭാരതത്തെക്കുറിച്ച് സിനിമ ചെയ്യാം ഭീമന് കേന്ദ്ര കഥാപാത്രം ആകാന്‍ പാടില്ലെല്ലെന്ന് മാത്രം. തീങ്കളാഴ്ച കേസ് സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ഒത്തു തീര്‍പ്പ്.