മെസി ക്ലബ് വിടുമെന്നു സൂചന
ബാഴ്സലോണയിൽ അടിയന്തര ബോർഡ് യോഗം
സൂപ്പർ താരം ലയണൽ മെസി ബാഴ്സലോണ വിടുകയാണെന്ന് റിപ്പോർട്ട്. താരം ക്ലബിനോട് തീരുമാനം അറിയിച്ചു കഴിഞ്ഞെന്നും ഇതിൻ്റെ പശ്ചാത്തലത്തിൽ ക്ലബ് അടിയന്തര ബോർഡ് യോഗം ചേരുകയാണെന്നും സൂചനയുണ്ട്. ക്ലബുമായുള്ള കരാർ താൻ അവസാനിപ്പിച്ചു എന്നും അതുകൊണ്ട് തന്നെ ഫ്രീ ഏജൻ്റായി ക്ലബ് വിടാമെന്നും മെസി ക്ലബിനെ അറിയിച്ചു കഴിഞ്ഞു എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്
14ആം വയസ്സ് മുതൽ ക്ലബിനൊപ്പമുള്ള മെസിയെ വളർത്തിയത് ബാഴ്സലോണയാണ്. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്ന താരത്തിൻ്റെ ചികിത്സയടക്കം സകല ചെലവുകളും ഏറ്റെടുത്ത ബാഴ്സലോണ 17ആം വയസിൽ മെസിയെ സീനിയർ ടീമിൽ അവതരിപ്പിച്ചു. 2004ൽ തുടങ്ങിയ ആ യാത്ര ഒന്നര പതിറ്റാണ്ടിലധികമാണ് നീണ്ടു നിന്നത്. 2001ൽ ക്ലബിലെത്തിയത് പരിഗണിച്ചാൽ രണ്ട് പതിറ്റാണ്ടോളം നീണ്ട ബന്ധമാണ് മെസി അവസാനിപ്പിക്കുന്നത്.