ഐ.പി.എല്‍ നിയമ ലംഘനം: വിരാട് കോഹ്ലിയ്ക്ക് ശാസന
മുംബൈ: ഐ.പി.എല്ലിന്റെ പെരുമാറ്റചട്ടം ലംഘിച്ചതിന് വിരാട് കോഹ്ലിയ്ക്ക് ശാസനയും മുന്നറിയിപ്പും. മാച്ച് റഫറിയാണ് കോഹ് ലിയെ നേരിട്ട് വിളിപ്പിച്ച് നടപടി എടുത്തത്. ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തിലാണ് കോഹ്ലിയുടെ ഭാഗത്തു നിന്നും നിയമലംഘനം ഉണ്ടായത്. ബാറ്റിംഗിനിടെ പുറത്തായി പവലിയനിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് കോഹ്ലി മൈതാനത്ത് സ്ഥാപിച്ചിരുന്ന പരസ്യബോര്ഡിനിട്ട് ബാറ്റ് കൊണ്ട് അടിച്ച് തന്റെ ദേഷ്യം പ്രകടിപ്പിച്ചത്.
ഐ.പി.എല്ലിന്റെ പെരുമാറ്റ ചട്ടമനുസരിച്ച് ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ട ഒരു വസ്തുവും കേടുവരുത്തുവാന്‍ താരങ്ങള്‍ക്ക് അവകാശമില്ല. മറ്റൊരു ടീമിന്റേയോ വ്യക്തിയുടേയോ ജഴ്സികളോ മറ്റ് ഉപകരണങ്ങളോ നശിപ്പിക്കാനോ പാടില്ലെന്നതും നിയമമാണ്. പരസ്യങ്ങള്‍ നല്കുന്ന കമ്ബനികള്‍ ഐ.പി.എല്‍ മത്സരങ്ങളുടെ ഭാഗം തന്നെയാണ്. ലെവല്‍ വണ്‍ ഒഫന്‍സ് 2.2 എന്ന ഐ.പി.എല്‍ ചട്ടപ്രകാരമാണ് ശിക്ഷ.