സ്വര്‍ണക്കടത്ത് കേസ്: കൂടുതല്‍ പ്രതികള്‍ മാപ്പ് സാക്ഷിയായേക്കും
തിരുവനന്തപുരം സ്വര്‍ണകള്ളകടത്ത് കേസില്‍ സന്ദീപ് നായര്‍ക്ക് പുറമേ കൂടുതല്‍ പ്രതികള്‍ മാപ്പ് സാക്ഷിയായേക്കും. കൊടുവള്ളിയില്‍ നിന്ന് പിടിയിലായ നാല് പ്രതികള്‍ മാപ്പു സാക്ഷിയാകാന്‍ ഉടന്‍ കോടതിയെ സമീപിക്കുമെന്നാണ് വിവരം.
മുഖ്യപ്രതി ടി.കെ റമീസുമായി അടുത്ത ബന്ധമുള്ള നാല് പേരാണ് മാപ്പ് സാക്ഷിയാകുന്നത്. മുന്‍പ് കേസിലെ മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായര്‍ മാപ്പ് സാക്ഷിയാകുന്നതിന്റെ ഭാഗമായി മജിസ്ട്രേറ്റിന് രഹസ്യമൊഴി നല്‍കിയിരുന്നു.
അതേസമയം, സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് വിദേശത്തേയ്ക്ക് ഡോളറും കടത്തിയതായി കസ്റ്റംസ് കണ്ടെത്തി. സ്വപ്ന ഒരു ലക്ഷത്തി തൊണ്ണൂറായിരം ഡോളര്‍ വിദേശത്തേയ്ക്ക് കടത്തിയതായി കസ്റ്റംസ് കോടതിയെ അറിയിച്ചു. ലൈഫ് മിഷനിലൂടെ കമ്മീഷനായി ലഭിച്ച തുകയാണോ ഇതെന്ന് കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. സ്വപ്നയ്ക്ക് ഡോളര്‍ വിദേശത്തേയ്ക്ക് കടത്താന്‍ എം ശിവശങ്കറിന്റെ സഹായം ലഭിച്ചതായും കസ്റ്റംസ് സംശയിക്കുന്നു. 1 കോടി 30 ലക്ഷത്തിലധികം വരുന്ന തുക ബിനാമി ഇടപാടിലൂടെ വിദേശത്ത് എത്തിച്ചത് ആര്‍ക്ക് വേണ്ടിയാണെന്ന് അന്വേഷിക്കുകയാണ് കസ്റ്റംസ്.