വിദേശത്തുനിന്നെത്തിയ കാര്യം മറച്ചു; മലപ്പുറം സ്വദേശികൾക്കെതിരെ കേസ്
വയനാട് : വിദേശത്തുനിന്നെത്തിയ മലപ്പുറം സ്വദേശികൾ ഹോട്ടലിൽ ഒളിച്ചു താമസിച്ചു. വയനാട് മേപ്പാടിയിലെ ഹോംസ്റ്റേയിലാണു താമസിച്ചത്. വിദേശത്തുനിന്ന് വന്നതാണെന്ന കാര്യം ഇവർ മറച്ചുവയ്ക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു. കോവിഡ് രോഗ ഭീഷണിയുടെ പശ്ചാത്തലത്തിൽ വയനാട് ജില്ലയിലേക്ക് ആളുകളുടെ പ്രവേശനം നിയന്ത്രിച്ചതിനു പിന്നാലെയാണു ഇക്കാര്യം വെളിവായത്.
കർണാടകയിലും തമിഴ്നാട്ടിലും കേരളത്തിലെ മറ്റു ജില്ലകളിലും കോവിഡ് സ്ഥിരീകരിച്ചതോടെ, രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന വയനാട് കനത്ത ജാഗ്രതയിലാണ്. കോവിഡ് സ്ഥിരീകരിച്ച ജില്ലകളിലേതുപോലെ വരും ദിവസങ്ങളിൽ ഇവിടെയും കൂടുതൽ നിയന്ത്രണങ്ങൾ വന്നേക്കുമെന്ന സൂചനയുണ്ട്. അയൽജില്ലകളിൽനിന്നു വയനാട്ടിലേക്കുള്ള വാഹനഗതാഗതം നിയന്ത്രിച്ചു.