അക്രമം ഒന്നിനും പരിഹാരമല്ല; കര്‍ഷക സമരത്തില്‍ രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന്റെ ഭാഗമായി നടന്ന ട്രാക്ടര്‍ പരേഡിലെ സംഘര്‍ഷങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അക്രമം ഒരു പ്രശ്നത്തിനും പരിഹാരമല്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സമരത്തിനിടെ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ നമ്മുടെ രാജ്യത്തിനാകും നഷ്ടമുണ്ടാവുക. രാജ്യത്തിന്റെ നന്മക്കായി കാര്‍ഷിക വിരുദ്ധ നിയമം പിന്‍വലിക്കണമെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
റിപബ്ലിക് ദിനത്തിലെ കര്‍ഷക റാലിക്കിടെ വലിയ രീതിയില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ചെങ്കോട്ട പിടിച്ചെടുത്ത കര്‍ഷകര്‍ അവിടെ കൊടി ഉയര്‍ത്തി. ഡല്‍ഹി ഐ.ടി.ഒയില്‍ സംഘര്‍ഷത്തിനിടെ ഒരു കര്ഷകന് മരിച്ചു. മൃതദേഹവുമായി കര്‍ഷകര്‍ പ്രതിഷേധിക്കുകയാണ്.
പൊലീസിന്റെ വെടിവെപ്പിനിടെയാണ് കര്ഷകന് മരിച്ചതെന്ന് കര്‍ഷകര്‍ പറഞ്ഞു. എന്നാല്‍ വെടിവെച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ട്രാക്ടര്‍ റാലി അടിച്ചമര്‍ത്താനാണ് പൊലീസ് ശ്രമിച്ചത്. ഡല്‍ഹിയിലേക്ക് ആരംഭിച്ച മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ വ്യാപക സംഘര്‍ഷം അരങ്ങേറി.