അമേരിക്കയിലേക്കുള്ള കുടിയേറ്റം താത്കാലികമായി നിര്‍ത്തുകയാണെന്ന് ട്രംപ്
വാഷിങ്ടണ്‍: കൊറോണവൈറസ് ബാധ വ്യാപകമാകുന്നതിനിടെ എല്ലാ തരത്തിലുള്ള കുടിയേറ്റങ്ങളും അമേരിക്ക താത്കാലികമായി നിര്‍ത്തിവെക്കാനൊരുങ്ങുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
'അദൃശ്യ ശത്രുവിന്റെ ആക്രമണത്തിന്റെ വെളിച്ചത്തില്‍, ഞങ്ങളുടെ മഹത്തായ അമേരിക്കന്‍ പൗരന്മാരുടെ ജോലി സംക്ഷിക്കപ്പെടേണ്ടതുണ്ട്. അമേരിക്കയിലേക്കുള്ള കുടിയേറ്റം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ ഞാന്‍ ഒപ്പിടും!, ട്രംപ് ഇന്ന് രാവിലെ ട്വീറ്റ് ചെയ്തു.
കോറോണവൈറസ് മഹാമാരി പടര്‍ന്ന് പിടിക്കുന്നതിന് പിന്നാലെ അമേരിക്കയില്‍ റെക്കോര്‍ഡ് തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കക്കാരുടെ തൊഴില്‍ സംരക്ഷിക്കുമെന്നും കുടിയേറ്റം നിര്‍ത്തിവെക്കുമെന്നുമുള്ള ട്രംപിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്.