പാലാരിവട്ടം പാലത്തിന്റെ ഗര്‍ഡറുകള്‍ പൊളിച്ചു തുടങ്ങി
പാലാരിവട്ടം പാലത്തിന്റെ ഗര്‍ഡറുകള്‍ പൊളിച്ചു തുടങ്ങി. അര്‍ധരാത്രിയില്‍ ഗതാഗതം നിയന്ത്രിച്ചാണ് പൊളിക്കല്‍ നടപടികള്‍. പാലം പൊളിക്കുന്നതിലെ സുപ്രധാന ഘട്ടമാണിത്. രാത്രി പത്തരക്ക് ആരംഭിച്ച ഗര്‍ഡറുകള്‍ പൊളിക്കുന്ന ജോലി പുലര്‍ച്ചെ വരെ നീണ്ടു.
ക്രെയിനുകളുടെ സഹായത്തോടെ ഗര്‍ഡറുകള്‍ താങ്ങി നിര്‍ത്തിയാണ് മുറിച്ചു നീക്കിയത്. മുറിച്ചു മാറ്റുന്ന കോണ്‍ക്രീറ്റ് പാളികള്‍ കൊച്ചി മെട്രോയുടെ മുട്ടം യാര്‍ഡിലേക്കാണ് മാറ്റുന്നത്. 102 ഗാര്‍ഡറുകളാണ് പാലത്തിനുള്ളത്. ഇതോടൊപ്പം തന്നെ പാലത്തിന്റെ ടെക്സ്ലാബ് പൊളിക്കുന്നതും സമാന്തരമായി പുരോഗമിക്കുകയാണ്.
ഗര്‍ഡറുകളും ടെക്സ്ലാബുകളും പൊളിച്ചു നീക്കുന്ന ജോലി മൂന്നു മാസം കൊണ്ട് പൂര്‍ത്തിയാകും. അതിന് ശേഷം പാലത്തിന്റെ തൂണുകള്‍ക്ക് ബലം കൂട്ടുന്ന നടപടികള്‍ തുടങ്ങും. സമാന്തരമായി തന്നെ പുതിയ ഗര്‍ഡറുകളുടെ നിര്‍മ്മാണം നടക്കും. രാത്രി സമയങ്ങളിലാണ് ഗര്‍ഡറുകള്‍ പൊളിക്കുന്ന പണികള്‍ നടക്കുക. പാലം പൊളിക്കല്‍ രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പാലത്തിന്റെ അണ്ടര്‍പാസ് അടച്ചിരിക്കുകയാണ്. ഇരുവശത്തുമുള്ള സര്‍വീസ് റോഡില്‍ പാര്‍ക്കിങ്ങും നിരോധിച്ചിട്ടുണ്ട്. എന്നാല്‍ പാലത്തിന് സമാന്തരമായി ദേശീയപാതയില്‍ ഇരുവശത്തും ഗതാഗതത്തിന് തടസമില്ല.