മന്‍സൂര്‍ വധക്കേസില്‍ ക്രൈംബ്രാഞ്ച് സംഘം ഇന്ന് അന്വേഷണം തുടങ്ങും
കണ്ണൂര്‍: പാനൂരിലെ മന്‍സൂര്‍ വധക്കേസില്‍ ക്രൈംബ്രാഞ്ച് സംഘം ഇന്ന് അന്വേഷണം തുടങ്ങും. പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികള്‍ തുടങ്ങാന്‍ യുഡിഎഫ് തീരുമാനിച്ചു. കേസന്വേഷണം ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെടുന്നു.
ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ. ഇസ്മയിലിന്റെ നേതൃത്വത്തിലുള്ള 15 അംഗ പ്രത്യേക സംഘമാണ് മന്‍സൂര്‍ വധക്കേസിന്റെ അന്വേഷണ ചുമതല ഏറ്റെടുത്തിട്ടുള്ളത്. സംഘം ഇന്ന് അന്വേഷണം തുടങ്ങും. റിമാന്‍ഡിലായ ഷിനോസിനെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് ഉടന്‍ കോടതിയില്‍ അപേക്ഷ നല്‍കും.
എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നും ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥന് ചുമതല നല്‍കണം എന്നുമാണ് യുഡിഎഫിന്റെ ആവശ്യം. മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടണം എന്നാവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങാനും യുഡിഎഫ് നീക്കമുണ്ട്. പ്രതികളെ പിടികൂടും വരെ സമാധാന ചര്‍ച്ചകള്‍ക്ക് ഇല്ലെന്നാണ് ഇവരുടെ നിലപാട്. കേസില്‍ 25 പ്രതികള്‍ ഉള്ളതായാണ് പൊലീസ് വ്യക്തമാക്കുന്നത്.