എം.ജി ശ്രീകുമാറിന്റെ പരാതിയില്‍ മൂന്ന് വിദ്യാര്‍ഥികളുടെ പേരില്‍ കേസ്
ചേര്‍പ്പ്: ഗായകന് എം.ജി ശ്രീകുമാറിന്റെ പരാതിയില്‍ മൂന്ന് വിദ്യാര്‍ഥികളുടെ പേരില്‍ പൊലീസ് കേസെടുത്തു. യൂട്യൂബ് വഴി അപവാദപ്രചരണം നടത്തി അപമാനിച്ചുവെന്ന പരാതിയിലാണ് വിദ്യാര്‍ഥികളുടെ പേരില്‍ ചേര്‍പ്പ് പോലീസ് കേസെടുത്തത്.
ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലില്‍ നടന്ന സംഗീത റിയാലിറ്റി ഷോയുടെ ഗ്രാന്‍ഡ് ഫിനാലെയില്‍ നാലാം സ്ഥാനം ലഭിക്കേണ്ട മത്സരാര്‍ഥിയെ തഴഞ്ഞ് മറ്റൊരു കുട്ടിക്ക് സമ്മാനം നല്‍കിയെന്ന ആരോപണമാണ് ഇവര്‍ യൂട്യൂബ് ചാനല്‍ മുഖേന പ്രചരിപ്പിച്ചത്. കോഴിക്കോടുള്ള കുട്ടിയുടെ വീട്ടില്‍ ഇവര്‍ പോയെങ്കിലും രക്ഷിതാക്കള്‍ പരാതി ഇല്ലെന്ന് അറിയിച്ചു. ഇതേത്തുടര്‍ന്ന് വീഡിയോ നീക്കം ചെയ്ത് മാപ്പ് പറഞ്ഞ് മറ്റൊരു വീഡിയോ ഇവര്‍ പോസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ വിദ്യാര്‍ഥികള്‍ ആദ്യം പോസ്റ്റ് ചെയ്ത വീഡിയോ അഞ്ച് ലക്ഷത്തോളം ആളുകള്‍ കണ്ടിരുന്നു. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് ഇവര്‍ ചെയ്തതെന്ന് എം.ജി ശ്രീകുമാര്‍ ഡിജിപിക്ക് നല്കിയ പരാതിയില്‍ പറയുന്നു. ചേര്‍പ്പ് പോലീസ് ഇന്‍സ്പെക്ടര്‍ ടി.വി ഷിബു ആണ് കേസന്വേഷിക്കുന്നത്.