കൊട്ടിക്കലാശം ഇല്ലാതെ പ്രചാരണം ഇന്ന് അവസാനിക്കും!
തിരുവനന്തപുരം: ഇന്ന് ജില്ലയിലെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുകയാണ്. 8നാണ് ജില്ലയില്‍ തിരഞ്ഞെടുപ്പ്. കൊവിഡ് സാഹചര്യത്തില്‍ ആളുകളും വാഹനങ്ങളും കൂട്ടംചേര്‍ന്നുള്ള കൊട്ടിക്കലാശം പൂര്‍ണമായി ഒഴിവാക്കണമെന്ന് കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
ഇന്ന് വൈകിട്ട് 6ന് പരസ്യ പ്രചാരണം അവസാനിപ്പിക്കണമെന്നു കളക്ടര്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. ഇതു ലംഘിക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ്. പ്രചാരണസമയം അവസാനിച്ചാല്‍ പുറത്തുനിന്നു പ്രചാരണത്തിനെത്തിയ രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും വാര്‍ഡിനു പുറത്തു പോകണം. സ്ഥാനാര്‍ത്ഥിയോ ഇലക്ഷന് ഏജന്റോ വാര്‍ഡിനു പുറത്തുനിന്നുള്ള വ്യക്തികളാണെങ്കില്‍ പുറത്തുപോകേണ്ട ആവശ്യമില്ലെന്നും കളക്ടര്‍ പറയുന്നു.
മുനിസിപ്പല്‍, കോര്പ്പറേഷന് പരിധിയില്‍ പോളിംഗ് സ്റ്റേഷനുകളുടെ 100 മീറ്റര്‍ പരിധിയിലും പഞ്ചായത്ത് പ്രദേശങ്ങളില്‍ 200 മീറ്റര്‍ പരിധിയിലും സ്ഥാനാര്‍ത്ഥികളുടെ ബൂത്തുകളോ പ്രചാരണ സാമഗ്രികളോ സ്ഥാപിക്കാന്‍ അനുവദിക്കുകയില്ല.