അറബ് ലോകത്തിന്റെ ആദ്യ ചൊവ്വാ ദൗത്യം 'ഹോപ്പ് പ്രോബ്' ഇന്ന് ലക്ഷ്യത്തിലേക്ക്
അറബ് ലോകത്തിന്റെറ ആദ്യ ചൊവ്വാ ദൗത്യം ലക്ഷ്യത്തിലേക്കെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ആറ് മാസം മുന്‍പ് യു.എ.ഇ വിക്ഷേപിച്ച 'ഹോപ് പ്രോബ്' എന്ന ചൊവ്വാ പേടകം ചൊവ്വാഴ്ച രാത്രി 7.42ന് ഭ്രമണപഥത്തിലെത്തുമെന്നാണ് പ്രതീക്ഷ.
'ഹോപ് പ്രോബി'ന് ചൊവ്വയില്‍ കടക്കാനായാല്‍ ഈ ദൗത്യം പൂര്‍ത്തീകരിക്കുന്ന അഞ്ചാമത്തെ രാഷ്ട്രമായി യു.എ.ഇ മാറും.ഇന്ത്യയുടെ മംഗള്യാന് ഉള്‍പെടെ രണ്ട് രാജ്യങ്ങള്‍ മാത്രമാണ് ചൊവ്വാ ദൗത്യം ആദ്യ നീക്കത്തില്‍ തന്നെ ലക്ഷ്യത്തിലെത്തിച്ചത്.
ചൊവ്വാഴ്ച രാത്രി ഏഴ് മുതലുള്ള സമയം നിര്‍ണായകമാണ്. നിലവില്‍ മണിക്കൂറില്‍ 1,21,000 കിലോമീറ്റര്‍ വേഗതിയില്‍ കുതിക്കുന്ന പേടകം അവസാന സമയത്ത് 18,000 കിലോമീറ്റര്‍ വേഗതയിലേക്ക് ചുരുങ്ങും. ഈ സമയത്ത് പേടകം തലതിരിയുകയും ആറ് ത്രസ്റ്ററുകളും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യണം. ഈ നിര്‍ണായക ഘട്ടം പിന്നിട്ടാല്‍ ഹോപ് ചൊവ്വയിലേക്ക് പ്രവേശിക്കും.
ഒരാഴ്ചക്കുള്ളില്‍ ചൊവ്വയില്‍ നിന്നുള്ള ചിത്രങ്ങള്‍ അയച്ചുതുടങ്ങും. 11 മിനിറ്റ് കൊണ്ട് ചിത്രങ്ങള്‍ ഭൂമിയിലെത്തും. 687 ദിവസം കൊണ്ട് ചൊവ്വയിലെ വിവരശേഖരണം പൂര്‍ത്തിയാക്കും. ഈ ദിവസങ്ങളത്രയും ഹോപ് ചൊവ്വയില്‍ തന്നെയുണ്ടാകും.
കഴിഞ്ഞ വര്‍ഷം ജൂലൈ 20നാണ് ജപ്പാനിലെ താനെഗാഷിമ ഐലന്‍ഡില്‍ നിന്ന് ഹോപ് കുതിച്ചത്.ചൊവ്വയിലേക്കുള്ള നമ്മുടെ യാത്ര യാഥാര്‍ഥ്യമാകുന്നതോടെ രാജ്യം 50ാം വാര്‍ഷികം ആഘോഷിക്കുകയാണെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം ട്വിറ്ററില്‍ കുറിച്ചു.