ശ്രീരാമന് സ്നേഹവും കരുണയും നീതിയും: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി| മനുഷ്യനന്മയുടെ മൂര്‍ത്തിമത്ഭാവമാണ് ശ്രീരാമനെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. സ്നേഹവും കരുണയും നീതിയുമാണ് രാമന് പ്രതിനിധാനം ചെയ്യുന്നതെന്നും വെറുപ്പോ, ക്രൂരതയോ, അന്യായമോ ആയി അത് വെളിപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയില്‍ ക്ഷേത്രനിര്‍മാണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ഭൂമി പൂജക്ക് പിന്നാലെയാണ് ട്വീറ്റുമായി രാഹുല്‍ രംഗത്തെത്തിയത്.
രാമന് സ്നേഹമാണ്. അതിന് ഒരിക്കലും വെറുപ്പ് തോന്നില്ല. രാമന് കരുണയാണ് ഒന്നിനെയും ക്രൂരമായി കാണാനാകില്ല, രാമന് നീതിയാണ്. അനീതി പ്രകടമാകില്ല. രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പോലെ നേരിട്ട് രാമക്ഷേത്ര നിര്‍മാണത്തെ രാഹുല്‍ പിന്തുണച്ചിട്ടില്ല. രാമന്റെ ഗുണങ്ങളെ പ്രകീര്‍ത്തിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഭൂമി പൂജയെക്കുറിച്ചോ ശിലാസ്ഥാപനത്തെക്കുറിച്ചോ പരാമര്‍ശിച്ചിട്ടുമില്ല.
ശ്രീരാമന് എല്ലാവരുടേതുമാണെന്നാണ് ഇന്നലെ പ്രിയങ്കാ ഗാന്ധി പറഞ്ഞത്. ഭൂമി പൂജ ദേശീയ-സാംസ്കാരിക ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ആഘോഷമായി മാറുമെന്നും അവര്‍ പറഞ്ഞിരുന്നു.