സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കാന്‍ അനുമതി
തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തില്‍ ഒന്‍പത് മാസത്തോളമായി അടച്ചിട്ട സിനിമാ തീയറ്ററുകള്‍ തുറക്കാന്‍ അനുമതി. ജനുവരി അഞ്ച് മുതല്‍ നിയന്ത്രണങ്ങളോടെ തുറന്നു പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. തീയറ്ററുകളുടെ അടച്ചിടല്‍ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ആളുകളുടെ ജീവിതമാണ് പ്രതിസന്ധിയിലാക്കിയത്. ഈ സാഹചര്യം കണക്കിലെടുത്താണ് തീയറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്.
തീയറ്ററിലെ സീറ്റിന്റെ പകുതി പേരെ മാത്രമെ പ്രവേശിക്കാവൂ. പകുതി ടിക്കറ്റുകള്‍ മാത്രമെ വില്ക്കാന് പാടുള്ളൂ. അതോടൊപ്പം ആരോഗ്യ വകുപ്പ് നല്കുന്ന കൊറോണ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ആരോഗ്യ വകുപ്പിന്റെ നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ തീയറ്ററുകള്‍ക്കെതിരെ നടപടിയെടുക്കും. ഇത്രയും കാലം അടഞ്ഞുകിടന്നതുകൊണ്ടുതന്നെ സിനിമാ ശാലകള്‍ അണുവിമുക്തമാക്കാനുള്ള നടപടികള്‍ ജനുവരി 5 ന് മുന്‍പ് സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.