ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ച് രാത്രിയാത്ര; കൊച്ചിയില്‍ നൂറിലധികം കേസ്
കൊച്ചി: കൊച്ചിയില്‍ ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ച് രാത്രി നിരത്തിലിറങ്ങിയവര്‍ക്കെതിരെ നടപടി ശക്തമാക്കി പോലീസ്. നഗരത്തിലെ തിരക്കേറിയ ഇടങ്ങളില്‍ ഒരേസമയം നടത്തിയ മിന്നല്‍ പരിശോധനയില്‍ നൂറുകണക്കിനാളുകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ലോക്ക്ഡൗണിനെത്തുടര്‍ന്ന് രാത്രി 7 മണിക്ക് ശേഷം യാത്ര നിയന്ത്രണമുണ്ടെങ്കിലും ഇത് ലംഘിച്ച് കൊച്ചി നഗരത്തില്‍ ധാരളം വാഹനങ്ങള്‍ നിരത്തിലിറങ്ങിയതോടെയാണ് പോലീസ് നടപടി ശക്തമാക്കിയത്.
പല വാഹനങ്ങളിലും അനുവദനീയമായതിലും അധികം യാത്രക്കാരുണ്ടായിരുന്നു. 10 വയസ്സില്‍ താഴെയുള്ള കുട്ടികളെയും കൂട്ടി പുറത്തിറങ്ങിയവരും ഏറെ. സമയപരിധി കഴിഞ്ഞും യാത്രക്കാരുമായെത്തിയ സ്വകാര്യ ബസുകളും കുടുങ്ങി. രാത്രി 7 മണിക്ക് ശേഷമുള്ള യാത്രയ്ക്ക് പൊലീസ് നല്കുന്ന പാസ് നിര്‍ബന്ധമാണ്. ലംഘിച്ചാല്‍ 10,000 രൂപയാണ് പിഴ.