നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവെക്കില്ല; സംസ്ഥാനങ്ങളുടെ ഹര്‍ജി തള്ളി സുപ്രീം കോടതി
രാജ്യത്തെ നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവെക്കാന്‍ ആവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ നല്കിയ ഹര്‍ജി തള്ളി സുപ്രീം കോടതി. ഇത് രണ്ടാം തവണയാണ് എന്‍ട്രന്‍സ് പരീക്ഷകള്‍ മാറ്റണമെന്ന ആവശ്യം കോടതി നിരസിക്കുന്നത്. പതിനൊന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ള 11 വിദ്യാര്‍ത്ഥികള്‍ നല്കിയ ഹര്‍ജി കോടതി നേരത്തെ തള്ളിയിരുന്നു. ഇതില്‍ പുനഃപരിശോധന നടത്തണമെന്നും കോവിഡിന്റെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ മാറ്റണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന ആറ് സംസ്ഥാനങ്ങളാണ് ആവശ്യം ഉന്നയിച്ചത്.
ഹര്‍ജിയില്‍ കഴമ്പില്ലെന്ന് കോടതി നിരീക്ഷിച്ചു.ജസ്റ്റിസ് അശോക് ഭൂഷണ് അടങ്ങുന്ന മൂന്ന് അംഗ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്. മഹാരാഷ്ട്ര, പഞ്ചാബ്, ബംഗാള്‍, ജാര്‍ഖണ്ഡ്, രാജസ്ഥാന്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. വിദ്യാര്‍ത്ഥികളുടെ ജീവിക്കാനുള്ള അവകാശവും കൊവിഡിനിടയില്‍ പരീക്ഷ നടത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടും മുന്‍പത്തെ ഉത്തരവില്‍ കോടതി പരിഗണിച്ചില്ലെന്നു സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടി.
ഓഗസ്റ്റ് 17 ന് വിദ്യാര്‍ത്ഥികളുടെ ഹര്‍ജി കോടതി തള്ളിയിരുന്നു. വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തിലാക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അടങ്ങുന്ന മൂന്ന് അംഗ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ നേരത്തെ എഞ്ചിനീയറിംഗ്, മെഡിക്കല്‍ പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു. ഏപ്രില്‍ - മെയ് മാസങ്ങളിലാണ് ഇത് നടക്കേണ്ടിയിരുന്നത്. ഈ പരീക്ഷകള്‍ സെപ്റ്റംബറില്‍ നടത്താനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. ജെഇഇ മെയിന്‍ പരീക്ഷ സെപ്റ്റംബര്‍ ഒന്നിന് തുടങ്ങിയിരുന്നു. നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 13നും ജെഇഇ അഡ്വാന്‍സ്ഡ് സെപ്റ്റംബര്‍ 27 നും നടത്താനാണ് തീരുമാനം.