തദ്ദേശ തെരഞ്ഞെടുപ്പ് ; നാമനിര്‍ദേശ പത്രിക സമര്‍പ്പണം നാളെ മുതല്‍
തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണം നാളെ മുതല്‍ ആരംഭിക്കും. രാവിലെ 11 മണി മുതല്‍ മൂന്ന് മണി വരെ കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പത്രിക സമര്‍പ്പണത്തിനുള്ള സൊകര്യം ഒരുക്കിയിരിക്കുന്നത്. നവംബര്‍ 19നാണ് പത്രികാ സമര്‍പ്പണത്തിനുള്ള അവസാന തീയതി.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കിയ കൊറോണ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മാത്രമേ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം നടത്തനാകൂ. സ്ഥാനാര്‍ത്ഥികളുടെ വാഹന വ്യൂഹം അനുവദിക്കില്ല, ഒരു വാഹനത്തിന് മാത്രമേ അനുമതിയുള്ളൂ, സ്ഥാനാര്‍ത്ഥിയോടൊപ്പം ആള്‍ക്കൂട്ടമോ ജാഥയോ ഉണ്ടാകാന്‍ പാടില്ല, പരമാവധി മൂന്ന് പേര് മാത്രമേ പത്രിക സമര്‍പ്പണത്തിന് എത്താന്‍ പാടുള്ളൂ തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുണ്ട്. മാസ്ക്ക്, സാനിറ്റൈസര്‍, സമൂഹിക അകലം എന്നിവ നിര്‍ബന്ധമാണ്.
ഒരേസമയം ഒന്നലധികം സ്ഥാനാര്‍ത്ഥികള്‍ എത്തിയാല്‍ വിശ്രമിക്കാന്‍ സൊകര്യം ഒരുക്കും. വരണാധികാരിക്കും ഉപ വരണാധികാരിക്കും മാസ്ക്ക്, കൈയ്യുറ, ഫെയ്സ് ഷീല്‍ഡ് എന്നിവ നിര്‍ബന്ധമാണ്. കെട്ടിവയ്ക്കേണ്ട തുക ട്രഷറിയിലോ, തദ്ദേശ സ്ഥാപനത്തിലോ നല്‍കാം തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. കണ്ടൈന്‍മെന്റ് സോണിലുള്ളവരും, ക്വാറന്റൈനിലുള്ളവരും പത്രിക സമര്‍പ്പിക്കാന്‍ മുന്‍കൂര്‍ അനുമതി തേടണം. ഇവര്‍ക്ക് പ്രത്യേകം സമയം അനവദിക്കും.
20നാണ് സൂക്ഷ്മ പരിശോധന. സൂക്ഷ്മ പരിശോധനയ്ക്ക് ഓരോ വാര്‍ഡിലെയും സ്ഥാനാര്‍ത്ഥികള്‍ക്കും ഏജന്റുമാര്‍ക്കും മാത്രമായിരിക്കും പ്രവേശനം. നവംബര്‍ 23 നാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.