ജെഇഇ മെയിന്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 24 വിദ്യാര്‍ത്ഥികള്‍ക്ക് 100 ശതമാനം
ന്യുഡല്‍ഹി: രാജ്യത്തെ എന്‍ജിനീയറിംഗ് കോളജുകളില്‍ പ്രവേശനത്തിന് നടത്തിയ ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷ (ജെ.ഇ.ഇ) മെയിന്‍ ഫലം പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ഫലപ്രഖ്യാപനമുണ്ടായത്. 24 വിദ്യാര്‍ത്ഥികള്‍ 100 ശതമാനം സ്കോര്‍ നേടി. ഇവരില്‍ എട്ട് പേര് തെലങ്കാന സ്വദേശികളാണ്. ഡല്‍ഹിയില്‍ നിന്ന് അഞ്ചു പേരും രാജസ്ഥാനില്‍ നിന്ന് നാലു പേരും ആന്ധ്രാപ്രദേശില്‍ നിന്ന് മൂന്നു പേരും ഹരിയാനയില്‍ നിന്ന് രണ്ടു പേരും ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരും നൂറു ശതമാനം സ്കോര്‍ നേടി.
ജെ.ഇ.ഇ മെയില്‍ പേപ്പര്‍ ഒന്ന്, രണ്ട് എന്നിവയുടെ ഫലത്തിന്റെ അടിസ്ഥാനത്തില്‍ 2.45 ലക്ഷം പേര് അഡ്വാന്‍സ്ഡ് പരീക്ഷയ്ക്ക് അര്‍ഹരായി. ഈ മാസം 27നാണ് അഡ്വാന്‍സ്ഡ് എക്സാം.
സെപ്തംബര്‍ ഒന്ന് മുതല്‍ ആറ് വരെയാണ് ജെ.ഇ.ഇ പരീക്ഷ നടന്നത്. കൊവിഡ് 19 പശ്ചാത്തലത്തില്‍ കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരുന്നു പരീക്ഷ. 8.58 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നത്. 74 ശതമാനം പേരാണ് പരീക്ഷയ്ക്ക് ഹാജരായത്.
രാജ്യത്തെ ഐഐടി, എന്‍ഐടി, സെന്‍്രടല്‍ ഫണ്ടഡ് ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് (സിഎഫ്ടിഐ) എന്നിവിടങ്ങളിലെ പ്രവേശനത്തിനുള്ള പൊതു പ്രവേശന പരീക്ഷയാണ് ജെ.ഇ.ഇ.
കൊവിഡിനെ തുടര്‍ന്ന് രണ്ടു തവണ മാറ്റിവച്ച പരീക്ഷ വീണ്ടും മാറ്റണമെന്ന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നു. വിദ്യാര്‍ത്ഥികളുടെ ഭാവി കളയാന്‍ കഴിയില്ലെന്നായിരുന്നു കോടതിയുടെ നിലപാട്.