ഹോസ്റ്റലുകൾ ടെക്കികളിൽ നിന്നും മുഴുവൻ വാടക ഈടാക്കുന്നു; സർക്കാർ ഇടപെടണമെന്ന് ആവശ്യം
കഴക്കൂട്ടം : ലോക്ക്ഡൗൺ തുടങ്ങിയതോടെ സംസഥാനത്തെ ഐടി കമ്പനികളെല്ലാം 'വർക്ക് ഫ്രം ഹോം' ആണ് സ്വീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം ടെക്നോപാർക്കിലെയും പുറത്തെയും ഐടി കമ്പനികളിൽ ജോലിചെയുന്നവരിൽ ഭൂരിഭാഗവും അന്യ ജില്ലക്കാരും അന്യ സംസ്ഥാനക്കാരുമാണ്. ഇവരൊക്കെ ഇപ്പോൾ വീടുകളിൽ ഇരുന്നാണ് ജോലി ചെയ്യുന്നതും. ഈ അവസരത്തിലാണ് ഇവർ താമസിക്കുന്ന ഹോസ്റ്റലുകൾ മുഴുവൻ വാടകയും ഈടാക്കുന്നത്. നിലവിൽ ഇവരുടെ സാധനങ്ങളാണ് ഈ ഹോസ്റ്റലുകളിൽ ഉള്ളത്. വൈദ്യുതിക്കും ആഹാരത്തിനും ഉൾപ്പെടെ ഈടാക്കുന്ന വാടക കുറയ്ക്കണം എന്ന ആവശ്യമാണ് ടെക്കികൾ ഉയർത്തുന്നത്.
ലോക്ക്ഡൗൺ ആരംഭിച്ചതിനു ശേഷം ഈ ഹോസ്റ്റലുകളിൽ ഇവർ തങ്ങിയിട്ടില്ല എന്നുള്ളതുകൊണ്ട് തന്നെ ഹോസ്റ്റലിലെ വൈദ്യുതിയും ആഹാരവും ഇവർ ഉപയോഗിച്ചിട്ടില്ല. അതിൽ ഇളവ് നൽകണം എന്നാണ് ആവശ്യം. ഈ വിഷയത്തിൽ സർക്കാർ ഇടപെടണം എന്ന പ്രധാന ആവശ്യമാണ് ഐടി ജീവനക്കാർ ഉന്നയിക്കുന്നത്.