കൊറോണക്കാലത്ത് രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം; കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് കാര്‍ഡ്
ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് കാര്‍ഡ് തയാറാക്കുന്നു. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ നേട്ടങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി ആഘോഷിക്കാനാണ് ഉദ്ദേശിക്കുന്നത്. ബിജെപിയും സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണത്തിനാണ് ഒരുങ്ങുന്നത്. വാര്‍ത്താ വിനിമയ മന്ത്രാലയം ഓരോ വകുപ്പുകളുടെയും 5 നേട്ടങ്ങള്‍ ശേഖരിച്ചുവരുന്നു. ഇതുവച്ചാണ് റിപ്പോര്‍ട്ട് കാര്‍ഡ് തയാറാക്കുകയെന്നാണ് സൂചന.
കോവിഡ് പ്രതിരോധത്തിനു നായകത്വം വഹിച്ചയാളെന്ന നിലയില്‍ പ്രധാനമന്ത്രിയെ അവതരിപ്പിക്കുമാണു ബിജെപിയുടെ ശ്രമം. മോദിയുണ്ടെങ്കില്‍ രാജ്യം സുരക്ഷിതമായിരിക്കുമെന്ന ശൈലിയിലായിരിക്കും അവതരണമെന്നറിയുന്നു. ലോക്ഡൗണ്‍, വിദേശ രാജ്യങ്ങള്‍ക്കുള്ള സഹായം, സാമ്പത്തിക പാക്കേജ് എന്നിവയ്ക്കാകും പ്രചരണത്തില്‍ ഊന്നല്‍ നല്‍കുക. കശ്മീരിനുള്ള പ്രത്യേക പദവി എടുത്തു കളഞ്ഞത്, പൗരത്വ നിയമ ഭേദഗതി, മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ നിയമം, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുള്ള പാക്കേജുകള്‍ തുടങ്ങിയവയാണ് വന്‍ നേട്ടങ്ങളായി അവതരിപ്പിക്കുന്നത്. കര്‍ഷകര്‍ക്കുള്ള പദ്ധതികള്‍, സൂക്ഷ്മ ഇടത്തരം വ്യവസായങ്ങള്‍ക്കുള്ള പദ്ധതികള്‍ എന്നിവയും നേട്ടങ്ങളുടെ പട്ടികയിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാനമേറ്റ് 6 വര്‍ഷം പൂര്‍ത്തിയായതിനോടനുബന്ധിച്ച് ബിജെപി 9 മിനിറ്റ് വിഡിയോ ഇറക്കിയിരുന്നു.