കോവിഡ് 19; കർണാടകയിൽ കൂടുതൽ നിയന്ത്രണങ്ങൾ; മുദ്ര കുത്തും
ബെംഗളൂരു: കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ നടപടികൾ ശക്തമാക്കി കർണാടക. ഇന്ന് മുതൽ വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന എല്ലാവരുടെയും കയ്യിൽ മുദ്ര കുത്തും. ഇവർ വീടുകളിലേക്കു പോകാതെ 14 ദിവസം നിരീക്ഷണത്തിൽ കഴിയണം. മുംബൈയിലും കഴിഞ്ഞ ദിവസം മുദ്ര കുത്തൽ നടപ്പാക്കിയിരുന്നു. നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങൾ 31 വരെ നീട്ടി. ഇതുവരെ 14 പേർക്കാണ് കർണാടകയിൽ കോവിഡ് സ്ഥിരീകരിച്ചത്.
മാളുകളും പബ്ബുകളും നിശാക്ലബ്ബുകളും ബാറുകളും തിയറ്ററുകളും മാർച്ച് 31 വരെ അടച്ചിടും. സ്കൂളുകൾക്കും കോളജുകൾക്കും പ്രഖ്യാപിച്ചിരുന്ന അവധിയും 31 വരെ നീട്ടിയിട്ടുണ്ട്. ബെംഗളൂരു നഗരത്തിൽ ഇന്നലെ മാത്രം മൂന്നു പേർക്കാണു രോഗം സ്ഥിരീകരിച്ചത്. നഗരത്തിൽ മാത്രം 11 പേർക്കാണ് ഇതുവരെ കോവിഡ് 19 ബാധിച്ചിട്ടുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. 1862 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നത്.