കൊറോണ മരണം 25; വൈറസ് ബാധ 830 പേർക്ക്; 20 ദശലക്ഷം പേരെ മാറ്റി ചൈന
ബെയ്ജിങ് : ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി. രാജ്യത്ത് 259 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ആകെ 830 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി സർക്കാർ അറിയിച്ചു. വുഹാനിൽ പുറത്തുവന്ന 1,072 വൈറസ് കേസുകളും അധികൃതർ പരിശോധിക്കുന്നുണ്ടെന്ന് ദേശീയ ആരോഗ്യ കമ്മിഷൻ പറഞ്ഞു. രോഗം സ്ഥിരീകരിച്ചതിൽ 177 പേർ ഗുരുതരാവസ്ഥയിലാണ്. സുഖം പ്രാപിച്ച 34 പേർ ആശുപത്രിവിട്ടു.
പ്രതിരോധ നടപടികളുടെ ഭാഗമായി വുഹാനിലെയും സമീപ നഗരങ്ങളിലെയും 20 ദശലക്ഷം ആളുകളെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. ചൈനയിൽ ഇന്നലെ രണ്ടു നഗരങ്ങൾ അടച്ചു; രോഗത്തിന്റെ പ്രഭവകേന്ദ്രമെന്നു കരുതുന്ന വുഹാൻ, സമീപനഗരമായ ഹോങ്കോങ് എന്നിവയാണ് അടച്ചത്. വിമാന, ട്രെയിൻ, റോഡ് ഗതാഗതം നിർത്തി. കടകളും ഓഫിസുകളും അടച്ചു.