ബവ്ക്യൂ ആപ്പ് പരിഷ്കരിച്ചു; ഇനി ഇഷ്ടമുളള ഔട്ട്ലെറ്റില് നിന്ന് മദ്യം വാങ്ങാം
തിരുവനന്തപുരം: ബവ്ക്യൂ ആപ്പില്‍ പുതിയ പരിഷ്കരണം കൊണ്ടുവന്നു. ഇനി മുതല്‍ ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള മദ്യ ഔട്ട്ലറ്റ് തിരഞ്ഞെടുക്കുന്ന രീതി ആപ്പില്‍ ഉള്‍പ്പെടുത്തി. ഗൂഗിളിന്റെയും ആപ്പിളിന്റെയും അനുമതി ലഭിച്ചാല്‍ പുതിയ പരിഷ്ക്കാരങ്ങള്‍ നാളെ മുതല്‍ നടപ്പിലാകും.
ഇതുവരെ, ഉപഭോക്താവ് നല്കുന്ന പിന്‍കോഡിന് അനുസരിച്ച് മദ്യശാലകള്‍ ആപ്പ് നിര്‍ദേശിക്കുകയായിരുന്നു. ഉപഭോക്താവിന്റെ സൗകര്യമനുസരിച്ച് ഇനി ബാര്‍, ബവ്റിജസ്, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്ലറ്റുകള് എന്നിങ്ങനെ ഏതുവേണമെങ്കിലും തെരഞ്ഞെടുക്കാം.
മുന്‍പ്, ആപ്പില്‍ പിന്‍കോഡ് ഒരിക്കല്‍ റജിസ്റ്റര്‍ ചെയ്താല്‍ മാറ്റാന്‍ കഴിഞ്ഞിരുന്നില്ല. ഉപഭോക്താവിന് ഇനി ഏതു സമയത്തും പിന്‍കോഡ് മാറ്റാന്‍ കഴിയും. ബുക്കിങ് സമയം ആപ്പായിരിക്കും തുടര്‍ന്നും നിശ്ചയിക്കുന്നത്. പുതിയ മാറ്റങ്ങള്‍, പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും അപ്ലോഡ് ചെയ്തിട്ടുണ്ടെന്നു കമ്ബനി അധികൃതര്‍ അറിയിച്ചു.