പറവൂരില്‍ സേവാവാഹിനി ആംബുലന്‍സില്‍ എയര്‍ഗണ്‍; രണ്ടുപേര്‍ പിടിയില്‍
പറവൂര്‍ > അമ്ബാടി സേവാ കേന്ദ്രത്തിന്റെ ആംബുലന്‍സില്‍നിന്ന് എയര്‍ഗണ്‍ കണ്ടെത്തിയ സംഭവത്തില്‍ കോട്ടുവള്ളി സ്വദേശി മിഥുന്, ചെറായി സ്വദേശി ശങ്കര്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഘപരിവാര്‍ സംഘടനകളുടെ നിയന്ത്രണത്തിലുള്ള സംഘടനയാണ് അമ്ബാടി സേവാകേന്ദ്രം. ഇവരുടെ ആംബുലന്‍സിന്റെ ഡ്രൈവറാണ് പൊലീസ് പിടിയിലായ മിഥുന്.
ഞായറാഴ്ച വൈകിട്ട് 5.30നാണ് സംഭവം. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രകടനം നടക്കുമ്ബോഴാണ് മിഥുന് ബൈക്കില്‍ എയര്‍ഗണ്ണുമായി വന്നത്. പൊലീസിനെ കണ്ടപ്പോള്‍ തോക്ക് താന്‍ ഓടിക്കുന്ന ആംബുലന്‍സിന്റെ ഉള്ളിലേക്കു വച്ചു. ഈ ആംബുലന്‍സില്‍ മറ്റൊരു ആംബുലന്‍സിലെ ഡ്രൈവറായ ശങ്കര്‍ ഇരിക്കുന്നുണ്ടായിരുന്നു. തോക്ക് വയ്ക്കുന്നതു ശ്രദ്ധയില്‍പ്പെട്ട പ്രകടനക്കാര്‍ ആംബുലന്‍സ് വളഞ്ഞു.
പൊലീസെത്തി രണ്ടുപേരെയും ആംബുലന്‍സും തോക്കും കസ്റ്റഡിയിലെടുത്തു. മുനമ്ബം ഡിവൈഎസ്പി ആര് ബൈജുകുമാര്‍ മിഥുനെയും ശങ്കറിനെയും ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായി സംസാരിച്ചെന്നും അവര്‍ പറഞ്ഞ കാര്യങ്ങളില്‍ പൊരുത്തക്കേടുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രകടനം നടക്കുന്നതിനിടെ തങ്ങളെ ആക്രമിക്കാനാണ് ഇയാള്‍ എത്തിയതെന്ന് കാട്ടി പോപ്പുലര്‍ ഫ്രണ്ട് പൊലീസില്‍ പരാതി നല്കി. ബിജെപിയുടെ സജീവ പ്രവര്‍ത്തകനായ മിഥുന് തോക്കുമായി പിടിയിലായ സംഭവം ഗൗരവമുള്ളതാണെന്നും, തെരഞ്ഞെടുപ്പ് അടുത്തസമയത്ത് ബോധപൂര്‍വമായ കുഴപ്പങ്ങളുണ്ടാക്കാനുള്ള ശ്രമത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി എസ് സന്ദീപ് പറഞ്ഞു.