കാസര്‍കോട്ടെ രോഗികള്‍ക്ക് ആകാശമാര്‍ഗവും സഹായം
തിരുവനന്തപുരം: കര്‍ണാടകം അതിര്ത്തിയടച്ചതിന്റെ പ്രശ്നം പൂര്‍ണമായി പരിഹരിക്കാനാകാത്തതിനാല്‍ സര്‍ക്കാര്‍ ബദല്‍ മാര്‍ഗം പരിശോധിക്കുന്നു.
കാസര്‍കോട്ടെ രോഗികള്‍ക്ക് മംഗളൂരുവില്‍ ചികിത്സ ഉറപ്പാക്കാനാകാത്തതാണു പ്രശ്നം. രോഗികളെ സംസ്ഥാനത്തിനകത്തുള്ള ആശുപത്രികളിലെത്തിക്കാന്‍ ആകാശമാര്ഗമടക്കം ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. വ്യാഴാഴ്ചയും ഒരാള്‍ ചികിത്സകിട്ടാതെ മരിച്ചതിന്റെ പശ്ചാത്തലത്തിലാണിത്. ഇതിനകം 11 പേരാണ് കാസര്‍കോട്ട് ചികിത്സകിട്ടാതെ മരിച്ചത്. കോവിഡ് ബാധയില്ലെന്ന ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റോടെ എത്തുന്ന മറ്റു രോഗികളെ തലപ്പാടി ചെക് പോസ്റ്റുവഴി മംഗലാപുരത്തേക്കു കടത്തിവിടുമെന്ന് കര്‍ണാടകം വ്യക്തമാക്കിയിരുന്നു. എന്നാല്‍, അത്തരമൊരു രോഗിയെ കഴിഞ്ഞദിവസം കടത്തിവിട്ടില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ബദല്‍മാര്‍ഗം തേടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കാസര്‍കോട്ടെ രോഗികളെ സംസ്ഥാനത്തിനകത്തുള്ള മറ്റു പ്രധാന ആശുപത്രികളെത്തിക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.