ലോക്സഭ തിരഞ്ഞെടുപ്പ്: പോസ്റ്റൽ വോട്ടിനുള്ള അപേക്ഷ ഏപ്രിൽ 02 ന് കൂടി നൽകാം
ലോക്സഭ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ട് ചെയ്യാൻ അർഹരായ വിഭാഗങ്ങൾക്ക് പോസ്റ്റൽ വോട്ടിനുള്ള അപേക്ഷ ഇന്ന് (ഏപ്രിൽ 02) കൂടി നൽകാം എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. വോട്ടർ പട്ടികയിൽ പേരുള്ള ലോക്‌സഭാ മണ്ഡലത്തിലെ വരണാധികാരിക്കാണ് അപേക്ഷ നൽകേണ്ടത്. നിലവിൽ ജോലി ചെയ്യുന്ന ജില്ലയിലെ നോഡൽ ഓഫീസർമാർ വഴിയോ നേരിട്ടോ അപേക്ഷ സമർപ്പിക്കാം.
ആബ്സെന്റീ വോട്ടർ വിഭാഗത്തിൽപ്പെട്ടവർക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പോസ്റ്റൽ വോട്ട് ചെയ്യാൻ അവസരം നൽകുന്നത്. 85 വയസ്സിന് മുകളിൽ പ്രായമുള്ളവർ, 40 ശതമാനത്തിൽ കുറയാതെ അംഗപരിമിതിയുള്ള ഭിന്നശേഷിക്കാർ, കോവിഡ് 19 രോഗമുള്ളവരോ കോവിഡ് സംശയിക്കുന്നവരോ ആയവർ, അവശ്യസേവന വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർ എന്നിവർക്കാണ് പോസ്റ്റൽ വോട്ട് ചെയ്യാൻ അവസരം ലഭിക്കുക. പോസ്റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നവർ ആവശ്യമായ രേഖകൾ സഹിതം ഫോം 12 ഡിയിൽ ബന്ധപ്പെട്ട വരണാധികാരിക്ക് അപേക്ഷ നൽകണം. ആബ്സന്റീ വോട്ടർമാരിൽ ആദ്യ മൂന്ന് വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് ബൂത്ത് തല ഓഫീസർമാർ വഴി വീട്ടിലെത്തി വോട്ട് ചെയ്യാൻ അവസരം ഒരുക്കും.
നാലാമത്തെ വിഭാഗമായ അവശ്യസേവന വിഭാഗത്തിൽ ഉൾപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളവർക്കും പോസ്റ്റൽ വോട്ട് ചെയ്യാം. പൊലീസ്, ഫയർഫോഴ്സ്, ജയിൽ, എക്സൈസ്, മിൽമ, ഇലക്ട്രിസിറ്റി, വാട്ടർ അതോറിറ്റി, കെഎസ്ആർടിസി, ട്രഷറി, ആരോഗ്യം, ഫോറസ്റ്റ്, കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ (ആകാശവാണി, ദൂരദർശൻ, ബിഎസ്എൻഎൽ, റെയിൽവേ, പോസ്റ്റ് ആന്റ് ടെലഗ്രാഫ് തുടങ്ങിയവ), മാധ്യമപ്രവർത്തകർ, കൊച്ചി മെട്രോ റെയിൽ എന്നിവയാണ്.
ഈ വിഭാഗങ്ങളിലെ ജീവനക്കാർ 12ഡി ഫോമിൽ അതത് നോഡൽ ഓഫീസർമാർ വഴിയോ നേരിട്ടോ വരണാധികാരിക്ക് അപേക്ഷ നൽകുകയാണ് വേണ്ടത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് ശേഷം അഞ്ച് ദിവസത്തിനുള്ളിലാണ് അപേക്ഷ നൽകേണ്ടത്. മാർച്ച് 28 ന് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതിനാൽ പോസ്റ്റൽ വോട്ടിന് അപേക്ഷ വോട്ടർ പട്ടികയിൽ പേരുള്ള മണ്ഡലത്തിലെ വരണാധികാരിക്ക് സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ രണ്ടാണ്.
അപേക്ഷ നൽകിയ ജീവനക്കാർക്ക് അതത് പാർലമെന്റ് മണ്ഡലത്തിൽ പൊതുതിരഞ്ഞെടുപ്പ് തീയതിയായ ഏപ്രിൽ 26 ന് മൂന്ന് ദിവസം മുമ്പുള്ള തുടർച്ചയായ ഏതെങ്കിലും മൂന്ന് ദിവസങ്ങളിൽ പോസ്റ്റൽ വോട്ടിങ് കേന്ദ്രം ഒരുക്കും. ഈ കേന്ദ്രങ്ങളിലെത്തി ജീവനക്കാർക്ക് വോട്ട് ചെയ്യാനാവും. രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് പോസ്റ്റൽ വോട്ടിങ് കേന്ദ്രം പ്രവർത്തിക്കുക.