100-ാമത്തെ പാലമായി ചെട്ടിക്കടവ് പാലം നാടിന് സമർപ്പിച്ചു
സാധ്യമാകുന്നത്ര പാലങ്ങളുടെ പ്രവൃത്തി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. നൂറാമതായി പൂർത്തീകരിച്ച ചെട്ടിക്കടവ് പാലത്തിൻ്റെയും കല്ലേരി ചെട്ടിക്കടവ് റോഡിൻ്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഭരണാനുമതി ലഭിച്ച പാലങ്ങൾ മറ്റു നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ടെണ്ടർ ചെയ്തു ലഭിക്കാനും അവ പ്രവൃത്തിയിലേക്ക് എത്തിക്കാനും വേഗത്തിലുള്ള പുതിയ സംവിധാനം ആരംഭിച്ചതോടെ വളരെ വേഗത്തിൽ മൂന്നുവർഷം തികയ്ക്കുന്നതിനു മുൻപ് തന്നെ സംസ്ഥാനത്ത് നൂറു പാലങ്ങളുടെ പ്രവർത്തി പൂർത്തീകരിക്കാൻ സർക്കാരിന് സാധിച്ചതായി മന്ത്രി പറഞ്ഞു. പി ടി എ റഹീം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
സൂപ്രണ്ടിംഗ് എഞ്ചിനീയർ പി കെ രമ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ അബ്ദുൽ ഗഫൂർ, പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബിത തോട്ടഞ്ചേരി, ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, മറ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. സൂപ്രണ്ടിങ് എഞ്ചിനിയർ യു പി ജയശ്രീ സ്വാഗതവും എക്സി. എഞ്ചിനീയർ സി എസ് അജിത് നന്ദിയും പറഞ്ഞു.