സെക്രട്ടറിയേറ്റിന്റെ 'സമര കവാടം' 10 വർഷത്തിനുശേഷം തുറന്നു
സെക്രട്ടറിയേറ്റിന്റെ പ്രധാനപ്പെട്ട കവാടമായ നോർത്ത് ഗേറ്റ് 10 വർഷത്തിനുശേഷം തുറന്നു. കോൺഗ്രസ് അനുകൂല സംഘടനകളുടെ നേതൃത്വത്തിലാണ് ഗേറ്റ് തുറന്നത്. പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേടുകൾ ഒരു വശത്തേക്ക് നീക്കുകയായിരുന്നു. സമര കവാടമെന്നാണ് ഈ കവാടം അറിയപ്പെടുന്നത്. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഈ ഗേറ്റ് കുറച്ചുനാൾ തുറന്ന് കിടന്നെങ്കിലും സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടി ഗേറ്റ് അടക്കുകയായിരുന്നു. ഇന്നലെ സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല സംഘടനകളാണ് ഗേറ്റ് ആവേശപൂർവ്വം തുറന്നത്.
എല്ലാവരേയും ഒരുമിച്ച് നിർത്തി അനുഭാവപൂർവ്വം പെരുമാറുവാൻ തയ്യാറായിട്ടുള്ള ഭരണകൂടമാണ് ഇപ്പോഴുള്ളതെന്നും അതുകൊണ്ടാണ് ഗേറ്റ് തുറന്നതെന്നും നേതാക്കൾ പറയുന്നു. വൈകുന്നേരം മൂന്നുമണിക്ക് ശേഷം ഗേറ്റിലൂടെയുള്ള പ്രവേശനം ഉണ്ടായിരിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.

