
പി. സി തോമസിന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടിയെടുക്കാൻ ശ്രമം
മുൻ കേന്ദ്രമന്ത്രി പി. സി തോമസിന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടാൻ ശ്രമം. കഴിഞ്ഞ ശനിയാഴ്ചയാണ് തട്ടിപ്പിനുളള ശ്രമം നടന്നത്. നൂറോളം ആളുകൾക്കാണ് പണം ആവശ്യപ്പെട്ടു കൊണ്ടുളള സന്ദേശം ലഭിച്ചത്. 40,000 രൂപ അത്യാവശ്യമായി ആവശ്യമുണ്ടെന്നും നാളെ രാവിലെ തന്നെ തിരികെ നൽകാമെന്നുമാണ് സന്ദേശത്തിൽ പറയുന്നത്. വാട്സ്ആപ്പ് സന്ദേശം കിട്ടിയ പലരും വിളിച്ച് അന്വേഷിച്ചപ്പോഴാണ് പി. സി തോമസ് വിവരം അറിഞ്ഞത്.
മിസോറാമിലെ ഒരു അക്കൗണ്ടും ഐഎഫ്എസ്സി കോഡും നൽകിയാണ് തട്ടിപ്പിന് ശ്രമിച്ചത്. ആർക്കും പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വിവരം. മലപ്പുറം സൈബർ സെല്ലിൽ പി. സി തോമസ് പരാതി നൽകിയിട്ടുണ്ട്.