
യമനിലും യുദ്ധം തുടങ്ങി ഇസ്രായേൽ
ഗസ്സക്ക് പിന്നാലെ യമനിലും യുദ്ധം തുടങ്ങി ഇസ്രായേൽ. യമന്‍ തലസ്ഥാനമായ സൻആയിലെ വിമാനത്താവളത്തിൽ ഇസ്രായേൽ ബോംബിട്ടു. ഹുദൈദ തുറമുഖവും നേരത്തെ ഇസ്രായേൽ ആക്രമിച്ചിരുന്നു. പ്രദേശത്തുള്ളവരെല്ലാം ഒഴിഞ്ഞുപോകണമെന്നാണ് ഇസ്രായേലിന്റെ ഭീഷണി.
24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് ഇസ്രായേൽ യമന്‍ തലസ്ഥാനമായ സൻആ ലക്ഷ്യമിടുന്നത്. നേരത്തെ ഇസ്രായേലിലെ വിമാനത്താവളം യമനിലെ ഹൂതികൾ ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യമന് നേരെ ഇസ്രായേല്‍ തിരിഞ്ഞിരിക്കുന്നത്.
യമൻ തലസ്ഥാനമായ സൻആയിലെ പ്രധാന വിമാനത്താവളത്തിന് നേരെ നടത്തിയ വ്യോമാക്രമണത്തിൽ സാരമായ നാശനഷ്ടങ്ങൾ സംഭവിച്ചതായും വിമാനത്താവളം പ്രവർത്തനരഹിതമായെന്നുമാണ് ഇസ്രായേലി സൈന്യം അവകാശപ്പെടുന്നത്. മൂന്ന് സിവിലിയൻ വിമാനങ്ങൾ, പുറപ്പെടല്‍ ഹാൾ, വിമാനത്താവള റൺവേ, ഹൂതി നിയന്ത്രണത്തിലുള്ള ഒരു സൈനിക വ്യോമതാവളം എന്നിവയാണ് ആക്രമണത്തിലൂടെ ലക്ഷ്യമിട്ടതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.