
ട്രെയിനിനുനേരെ അജ്ഞാതൻ കല്ലെറിഞ്ഞു; നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം
വിജയപുര-റായ്ച്ചൂർ പാസഞ്ചർ ട്രെയിനിനുനേരെ ഉണ്ടായ കല്ലേറിൽ നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം. ആരോഹി അജിത് കാംഗ്രെ (ശിവാനി) എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. കല്ലെറിഞ്ഞയാളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
തീർത്ഥാടനയാത്ര കഴിഞ്ഞ് ഹൊസ്നാൽ താലൂക്കിലെ വീട്ടിലേക്ക് മാതാപിതാക്കൾക്കൊപ്പം മടങ്ങുകയായിരുന്നു ആരോഹി. ഹോട്ഗി ഗ്രാമത്തിന് സമീപം ട്രെയിനിന് നേരെ അജ്ഞാതൻ കല്ലെറിയുകയായിരുന്നു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ആരോഹിയെ സോളാപൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഈ വർഷം ജനുവരി ആദ്യ ആഴ്ചയിൽ സോളാപൂരിൽ മുംബൈ-സോളാപൂർ വന്ദേ ഭാരത് എക്സ്പ്രസിൽ സമാനമായ നിലയിൽ കല്ലേറ് നടന്നിരുന്നു.