
മുനമ്പത്ത് BJP പ്രചാരണംപാളി,ബിജെപി ചെയ്യുന്നത് കുളം കലക്കി മീൻപിടിക്കുന്ന നടപടി; മുഖ്യമന്ത്രി പിണറായി വിജയൻ
വഖഫ് ബിൽ കൊണ്ട് മുനമ്പം പ്രശ്നം തീരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വഖഫ് നിയമ ഭേദഗതി ആണ് മുനമ്പം പ്രശ്നത്തിന്റെ പരിഹാരമെന്ന് ബിജെപി പ്രചരിപ്പിച്ചെന്നും എന്നാൽ അത് അങ്ങനെ അല്ലായിരുന്നുവെന്നും കേന്ദ്രമന്ത്രി കിരൺ റിജിജുവിനെക്കൊണ്ട് വന്നുള്ള ബിജെപി രാഷ്ട്രീയം പൊളിഞ്ഞുവെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വഖഫ് ബില്ലിലൂടെ മുസ്ലിം വിരുദ്ധ അജണ്ട നടപ്പാക്കാനാണ് ബിജെപി ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വഖഫ് വിഷയത്തിൽ കോൺഗ്രസിനേയും മുസ്ലിം ലീഗിനേയും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ബിജെപിക്ക് പിന്തുണ നൽകുന്ന നിലപാടാണ് പ്രതിപക്ഷനേതാവിന്റെ ഭാഗത്ത് നിന്നുണ്ടായത്. തളിപ്പറമ്പ് സർ സെയ്ദ് കോളേജുമായി ബന്ധപ്പെട്ട വിഷയത്തിൽ മുസ്ലിം ലീഗിന്റെ ഇരട്ടത്താപ്പ് വ്യക്തമെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ട് വഖഫ് ഭൂമിയുടെ കാര്യത്തിൽ ലീഗിന് പരസ്പരവിരുദ്ധ നിലപാട് ഉണ്ടാകുന്നുവെന്നും അദ്ദേഹം ചോദിച്ചു.
മുനമ്പത്തെ ജനങ്ങളെ എങ്ങനെ സംരക്ഷിക്കാനാകും എന്നതിനാണ് സംസ്ഥാന സർക്കാർ പ്രാമുഖ്യം നൽകിയത്. അതിന് വേണ്ടിയാണ് സിഎംആർ കമ്മിഷനെ നിയോഗിച്ചത്. എന്നാൽ അതിൽ തർക്കമുണ്ടായി. സമരം അവസാനിപ്പിച്ച് കമ്മിഷൻ റിപ്പോർട്ട് വരെ കാക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. അവർ സ്വീകരിച്ചില്ല. അവർക്ക് മറ്റു ചില പ്രതീക്ഷകൾ ഉണ്ടായിരുന്നു. അത് ചിലർ പോയി പറഞ്ഞപ്പോൾ ഉണ്ടായതാണ്. ഇത് വഖഫുമായി ബന്ധപ്പെട്ട വിഷയമാണല്ലോ? അതിൽ എങ്ങനെയൊക്കെ ആശയക്കുഴപ്പമുണ്ടാക്കി മുതലെടുക്കാൻ പറ്റും. കുളം കലക്കി മീൻപിടിക്ക എന്ന് പറയാറില്ലേ. അങ്ങനെ ഒരു നടപടിയിലാണ് ചിലർ വലിയ താത്പര്യം കാണിച്ചത്.
യഥാർത്ഥത്തിൽ അതിൽ ഏറ്റവും മുൻപന്തിയിൽ നിന്നത് ബിജെപിയാണ്. സംഘപരിവാറിന്റെ അജണ്ട എന്ന രീതിയിലാണ് ആ കാര്യങ്ങൾ വന്നത്. വഖഫ് നിയമഭേദഗതി ബിൽ മുനമ്പം വിഷയത്തിന്റെ ശാശ്വത പരിഹാരം എന്ന് പറഞ്ഞുള്ള പ്രചരണം ചിലർ അഴിച്ചുവിട്ടു. അത് പൂർണ്ണ തട്ടിപ്പെന്ന് വ്യക്തമായി. പുതിയ നിയമം ഭരണഘടനയുടെ 26-ാം അനുച്ഛേദത്തിന്റെ ലംഘനമാണ്.
അത് ചർച്ചയിലുള്ള വിഷയമാണ്. ഒരു തരത്തിലുള്ള മുസ്ലിം അപരവത്കരണത്തിലൂടെ രാഷ്ട്രീയ നേട്ടത്തിനുള്ള അവസരങ്ങളായിട്ടാണ് സംഘപരിവാർ ബില്ലിനെ കണ്ടത്. കഴിഞ്ഞ ആഴ്ച ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു, ഇതിപ്പോ മുസ്ലിമിനെതിരേ എന്ന് ചിന്തിക്കുന്നുണ്ടെങ്കിലും അത് മുസ്ലിമിനെതിരേ മാത്രമല്ല നിൽക്കുന്നത്. അതാണ് ഓർഗനൈസറുടെ ലേഖനം പിന്നീട് വ്യക്തമാക്കിയത്.