
'ആകാശ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപന നടത്തുന്ന ആൾ'; കേസിൽ കൂടുതൽ ആളുകളെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ
കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ നടന്ന വൻ കഞ്ചാവ് വേട്ടയിൽ റിമാൻഡ് റിപ്പോർട്ട് പുറത്ത്. വിൽപ്പനയ്ക്ക് വേണ്ടിയിട്ടാണ് ഹോസ്റ്റലിൽ കഞ്ചാവ് സൂക്ഷിച്ചത് എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കേസിൽ പിടിയിലായ കൊല്ലം സ്വദേശിയായ ആകാശ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്ന ആളെന്നും റിപ്പോർട്ടിൽ പറയുന്നു. കേസിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറയുന്നു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
കളമശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നടത്തിയ പരിശോധയിൽ 2 കിലോയോളം കഞ്ചാവാണ് കെ എസ് യു പ്രവർത്തകനായ ആകാശിൻ്റെ മുറിയിൽ നിന്ന് കണ്ടെടുത്തത്. വിദ്യാർത്ഥികൾക്കിടയിൽ വില്പ്പന നടത്താനാണ് പ്രതി കഞ്ചാവ് കോളേജിലെത്തിച്ചത്. വലിയ തോതിൽ കഞ്ചാവ് ശേഖരിച്ച് വിദ്യാർത്ഥികൾ സ്ഥിരമായി വില്പന നടത്തുന്നുണ്ടെന്നും റിമാൻ്റ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം പ്രതി ആകാശ് കെ എസ് യു വിൻ്റെ സജീവ പ്രവർത്തകനാണെന്ന് കെ എസ് യു നേതാവ് ആതിൽ തന്നെ സ്ഥിരീകരിച്ചിരുന്നു.
കേസിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും റിമൻ്റ് റിപ്പോർട്ടിൽ പോലീസ് വ്യക്തമാക്കുന്നുണ്ട്. പ്രതി ആകാശിനൊപ്പാണ് കെ.എസ് യു നേതാവായ ആതിലും പ്രവർത്തകനായ അനന്തുവും താമസിച്ചിരുന്നത്.പരിശോധയ്ക്ക് പൊലീസ് എത്തിയപ്പോൾ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. അതിനാൽ ഇവരിലേക്കും അന്വേഷണം നീളും.റിമാൻ്റിലായ പ്രതി ആകാശിനെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
എഴ് മണിക്കൂറാണ് ഹോസ്റ്റലിൽ പൊലീസ് പരിശോധന നടന്നത്. ഇന്നലെ രാത്രി 9 മണിക്ക് തുടങ്ങിയ പരിശോധന ഇന്ന് പുലർച്ചെ നാല് മണിക്കാണ് അവസാനിച്ചത്. കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കി മാറ്റുന്നതിനിടെയാണ് പിടിയിലാകുന്നത്.