
'ജനാധിപത്യത്തിനെതിരായ കടന്നാക്രമണം', തുഷാർ ഗാന്ധിക്കെതിരായ സംഘപരിവാർ അതിക്രമത്തെ അപലപിച്ച് മുഖ്യമന്ത്രി
തുഷാർ ഗാന്ധിക്കെതിരായ സംഘപരിവാർ അതിക്രമം രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടി ജനാധിപത്യ സമൂഹത്തിൽ അനുവദിക്കാനാവില്ല. ഇത്തരം പ്രവണതകള്‍ക്കെതിരെ നിയമപരവും ജനാധിപത്യപരവുമായ നടപടിയുണ്ടാവും. കേരളത്തില്‍ എത്തുന്ന ദേശീയ-അന്തര്‍ദ്ദേശീയ വ്യക്തിത്വങ്ങളുടെ വഴി തടയുന്നതുപോലുള്ള നീക്കങ്ങള്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മതേതര ജനാധിപത്യ സമൂഹത്തിൻ്റെ ശക്തമായ പ്രതിഷേധം ഈ സംഭവത്തിൽ ഉയരേണ്ടതാണ്. ജനാധിപത്യം നിലനിൽക്കണമെന്നാഗ്രഹിക്കുന്ന ഒരു വ്യക്തിയും സമൂഹ വിഭാഗവും രാഷ്ട്രീയ പ്രസ്ഥാനവും മൗനം പാലിച്ചു കൂടാത്ത സന്ദർഭമാണിത്. ആ ബോധവും അതിൽ നിന്നുളവാകുന്ന ശക്തമായ പ്രതിഷേധവും പൊതുമണ്ഡലത്തിൽ ഉണ്ടായാലേ നമ്മുടെ അഭിപ്രായപ്രകടന സ്വാതന്ത്ര്യമടക്കം സംരക്ഷിക്കാനാകൂവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
നെയ്യാറ്റിൻകരയിലെത്തിയ മഹാത്മാഗാന്ധിയുടെ പൗത്രനും പ്രമുഖ ഗാന്ധിയനും പൊതുപ്രവർത്തകനുമായ തുഷാർ ഗാന്ധിയെ തടഞ്ഞ് ആർഎസ്എസ്- ബിജെപി പ്രവർത്തകർ. ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാശ്ചാദന ചടങ്ങിന് ശേഷമായിരുന്നു പ്രതിഷേധം. രാജ്യത്തിന്റെ ആത്മാവിന് ക്യാൻസർ ബാധിച്ചിരിക്കുന്നുവെന്നും സംഘപരിവാറാണ് ക്യാൻസർ പടർത്തുന്നതെന്നുമുള്ള തുഷാർ ഗാന്ധിയുടെ പ്രസംഗത്തിൽ പ്രതിഷേധിച്ചാണ് ആർഎസ്എസ്- ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. നിലപാടിൽ മാറ്റമില്ലെന്ന് പറഞ്ഞ് ഗാന്ധിജിക്ക് ജയ് വിളിച്ച് തുഷാർ ഗാന്ധി മടങ്ങി.