
കശ്മീരിൽ സ്ഫോടനം; രണ്ട് ജവാന്മാർക്ക് വീരമൃത്യു, ഒരു സൈനികന് പരിക്ക്
ജമ്മു സെക്ടറിലെ നിയന്ത്രണ രേഖയ്‌ക്ക് (LoC) സമീപമുണ്ടായ സ്‌ഫോടനത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ഒരു സൈനികന് ഗുരുതരമായി പരിക്കേറ്റു. ഭീകരർ സ്ഥാപിച്ച സ്‌ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞദിവസം കുപ്‍വാര ജില്ലയിലെ നിയന്ത്രണ രേഖയോട് ചേർന്നുള്ള കർണാ പ്രദേശത്ത് സുരക്ഷാ സേന നടത്തിയ തെരച്ചിലിനിടെ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയതിന് പിന്നാലെയാണിത്.
കർണാ തെഹ്‌സിലിലെ ബാഡി മൊഹല്ല അമ്രോഹിയിലാണ് സൈന്യത്തിന്റെയും പൊലീസിന്റെയും സംയുക്ത സംഘം തെരച്ചിൽ നടത്തിയത്. തുടർന്ന് സ്ഥലത്തുനിന്നും ഒരു എകെ 47 റൈഫിൾ, ഒരു എകെ മാഗസിൻ, ഒരു സൈഗ എംകെ റൈഫിൾ,12 തിരകൾ എന്നിവ കണ്ടെടുത്തു. ഒരു ഭക്ഷണശാലയ്‌ക്ക് പിന്നിൽ കണ്ടെത്തിയ ബാഗിലാണ് ആയുധങ്ങളുണ്ടായിരുന്നത്.