
പകുതി വില തട്ടിപ്പ്; അനന്തു കൃഷ്ണന് ജാമ്യമില്ല
പകുതിവില തട്ടിപ്പ് കേസിൽ പ്രതി അനന്തു കൃഷ്ണന്റെ ജാമ്യാപേക്ഷ കോടതി തള്ളി. മൂവാറ്റുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം തള്ളിയത്. അനന്തുകൃഷ്ണൻ പ്രഥമദൃഷ്ട്യാ കുറ്റക്കാരൻ ആണെന്ന് കോടതി നിരീക്ഷിച്ചു. ജാമ്യാപേക്ഷയിൽ കോടതി വിശദമായ വാദം കേട്ടിരുന്നു. പാതി വിലയ്‌ക്ക് സ്കൂട്ടറും ഗൃഹോപകരണങ്ങളും വാഗ്ദാനം ചെയ്ത കേസിൽ പ്രതി അനന്തു കൃഷ്ണന് ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
നിയമപരമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് തന്റേതെന്നായിരുന്നു അനന്തു കൃഷ്ണന്റെ വാദം. മൂവാറ്റുപുഴ പൊലീസ് പറയുന്നത് പോലെ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നിട്ടില്ലെന്നും അനന്തു കൃഷ്ണന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ പ്രതിക്ക് ഉന്നത ബന്ധങ്ങൾ ഉണ്ടെന്നും ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യത ഉണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. കോടികളുടെ ഇടപാട് നടന്ന വലിയ തട്ടിപ്പ് ആണിതെന്നും പ്രോസിക്യൂഷൻ വാദം ഉന്നയിച്ചിരുന്നു.