
കാറുകൾക്ക് വിലകൂട്ടാൻ ഒരുങ്ങി മാരുതി സുസുക്കി
ചിലവുകൾ വർധിക്കുന്നതിനെ തുടർന്ന് വാഹനങ്ങൾക്ക് വില കൂട്ടാൻ ഒരുങ്ങി മാരുതി സുസുക്കി. ഫെബ്രുവരി ഒന്നു മുതൽ വിവിധ മോഡലുകൾക്ക് വില വർധിക്കും. 32,500 രൂപ വരെയാണ് വർധനവ്. വർധിച്ചുവരുന്ന ഇൻപുട്ട് ചെലവുകളും പ്രവർത്തന ചെലവുകളും കാരണമാണ് വിലവർധനവ്. ഏറ്റവും കുറഞ്ഞ വില വർധനവ് സിയാസിനും ജിംനിക്കുമാണ് ഉണ്ടാവുക.
കോംപാക്റ്റ് കാറായ സെലെറിയോക്കാണ് ഫെബ്രുവരിയിൽ ഏറ്റവും കൂടുതൽ വില കൂടുന്നത്. 32,500 രൂപവരെ വർധനവുണ്ടാകും. ഇൻവിക്‌റ്റോ പ്രീമിയം എംപിവിക്ക് ഫെബ്രുവരി മുതൽ 30,000 രൂപ അധികം മുടക്കേണ്ടി വരും. സിയാസിനും ജിംനിക്കും 1500 രൂപയാണ് കൂടുക. വാഗൺ-ആറിന് 15,000 രൂപ വരെയും സ്വിഫ്റ്റിന് 5,000 രൂപ വരെയുമാണ് കൂടും. ബ്രെസയ്ക്കും ഗ്രാൻഡ് വിറ്റാരയ്ക്കും യഥാക്രമം 20000, 25000 രൂപ വരെ വില വർധിപ്പിക്കും.
കൂടാതെ ആൾട്ടോ K10-ന് 19,500 രൂപ വരെയും എസ്-പ്രെസോയ്ക്ക് 5,000 രൂപ വരെയും വില ഉയരും. എർട്ടിഗയ്ക്കും XL6-നും 15000 മുതൽ 10000 രൂപ വരെയും ഇക്കോ വാനിന് 12000 രൂപയും വർധിക്കും. മിനി പിക്ക്-അപ്പ് ട്രക്കിവന് 10000രൂപയും വർധിപ്പിക്കും. 2024 ഡിസംബറിൽ മൊത്തം 1,78,248 യൂണിറ്റ് കാറുകളാണ് മാരുതി വിറ്റഴിച്ചത്. 2025 ഓട്ടോ എക്‌സ്‌പോയിലൂടെ ഇവി വിപണിയിലും കളം പിടിക്കാൻ ഒരുങ്ങുന്ന മാരുതി വിൽപ്പന ഇനിയും കൂട്ടാനാണ് സാധ്യത.