പ്രോബ 3 വിക്ഷേപണം വിജയകരം; സൂര്യന്റെ ബാഹ്യപാളിയെക്കുറിച്ചുള്ള പഠനം ലക്ഷ്യം
പ്രോബ 3 ദൗത്യവുമായി പി എസ് എല്‍ വി സി 59 വിക്ഷേപിച്ചു. വ്യാഴാഴ്ച വൈകീട്ട് 4.04ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നാണ് രണ്ട് ഉപഗ്രഹങ്ങളുമായി പി എസ് എല്‍ വി സി 59 കുതിച്ചുയര്‍ന്നത്. പ്രോബ 3 വിക്ഷേപണം വിജയകരമാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
ബുധനാഴ്ച നടത്താനിരുന്ന വിക്ഷേപണം സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് വ്യാഴാഴ്ചത്തേയ്ക്ക് മാറ്റുകയായിരുന്നു. കൗണ്ട് ഡൗണ്‍ അവസാനിക്കാന്‍ 43 മിനിറ്റും 50 സെക്കന്‍ഡും ബാക്കിനില്‍ക്കെയായിരുന്നു ദൗത്യം മാറ്റിവെച്ചത്. സൂര്യന്റെ ബാഹ്യ പാളിയായ കൊറോണയെ കുറിച്ച് പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രോബ 3യുടെ വിക്ഷേപണം. കൊറോണ ഗ്രാഫ്, ഒക്യുല്‍ട്ടര്‍ എന്നീ രണ്ട് ഉപഗ്രഹങ്ങളാണ് ദൗത്യത്തിന്റെ ഭാഗമാകുന്നത്. കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യന്റെ പ്രഭാവലയത്തെക്കുറിച്ച് പഠിക്കുന്ന വിധത്തിലാണ് ദൗത്യം രൂപകല്‍പന ചെയ്തിരിക്കുന്നത്. ഭൂമിയില്‍ നിന്ന് കുറഞ്ഞ അകലം 600 കിലോമീറ്ററും കൂടിയ അകലം 60,530 കിലോമീറ്ററുമുള്ള ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് പേടകങ്ങളെ എത്തിക്കുന്നത്.