യുദ്ധകാലാടിസ്ഥാനത്തിൽ ബെയ്‌ലി പാലം ഒരുങ്ങുന്നു; കരകയറാൻ മുണ്ടക്കൈ
ഉരുൾപൊട്ടൽ ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സൈന്യത്തിന്റെ നേതൃത്വത്തിൽ ബെയ്‌ലി പാലം ഒരുങ്ങുന്നു. യുദ്ധകാലടിസ്ഥാനത്തിലാണ് നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നത്. ഇതോടെ, മുണ്ടക്കൈ കേന്ദ്രീകരിച്ചുള്ള രക്ഷാദൗത്യം ദ്രുതഗതിയിലാകും.
ബെയ്‌ലി പാലം നിര്‍മിക്കാൻ ആവശ്യമായ സാമഗ്രികളും ഉപകരണങ്ങളുമായി ഡല്‍ഹിയില്‍നിന്നുള്ള വ്യോമസേനാ വിമാനം കണ്ണൂർ വിമാനത്താവളത്തിലാണ് ഇറങ്ങിയത്. അടിയന്തരമായി ട്രക്കുകളിൽ സാമഗ്രികൾ വയനാട്ടിലേക്കെത്തിക്കും. പ്രതിരോധ സുരക്ഷാസേന (ഡി.എസ്.സി) യിലെ ക്യാപ്റ്റന്‍ പുരന്‍ സിങ് നഥാവത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
നേരത്തെ, ഉരുള്‍പൊട്ടല്‍ നാശം വിതച്ച ചൂരല്‍മലയില്‍ സൈന്യം നിർമിച്ച താത്ക്കാലിക പാലത്തിലൂടെ 1000 പേരെ അപകടസ്ഥലത്തു നിന്ന് രക്ഷപ്പെടുത്തിയതായി സൈന്യം അറിയിച്ചിരുന്നു. കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോറിന്റെ (ഡി.എസ്.സി) ഭാഗമായുള്ള സൈനികരാണ് ചൂരല്‍മലയേയും മുണ്ടക്കൈയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം നിര്‍മിച്ചത്. മണിക്കൂറുകളോളം അപകടസ്ഥലത്ത് ഒറ്റപ്പെട്ടവരെ ഇതിലൂടെയാണ് രക്ഷപ്പെടുത്തിയത്.