ഇ.പി. ജയരാജൻ വധശ്രമ കേസ്; കെ. സുധാകരൻ കുറ്റവിമുക്തൻ
ഇ.പി. ജയരാജൻ വധശ്രമ കേസില്‍ കെ. സുധാകരൻ കുറ്റവിമുക്തൻ. കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരന്റെ ഹർജി ഹൈക്കോടതി അനുവദിച്ചു. കെ. സുധാകരനെതിരായ എല്ലാ നിയമനടപടികളും ഒഴിവാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
ഇ.പി. ജയരാജൻ വധശ്രമ കേസില്‍ ഗൂഢാലോചനാ കുറ്റമായിരുന്നു കെ. സുധാകരനെതിരെ ചുമത്തിയിരുന്നത്. ഗൂഢാലോചന കേസില്‍ നേരത്തെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഇത് പ്രകാരം വിചാരണ തുടങ്ങാനിരിക്കെയാണ് കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കെ. സുധാകരൻ ഹൈക്കോടതിയെ സമീപിച്ചത്. കെ. സുധാകരനെതിരേ യാതൊരു തെളിവുകളുമില്ലെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തല്‍.
1995 ഏപ്രില്‍ 12-നാണ് ഇ.പി. ജയരാജനെതിരേ വധശ്രമം നടന്നത്. ചണ്ഡിഗഢില്‍നിന്ന് പാർട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് തീവണ്ടിയില്‍ കേരളത്തിലേക്ക് മടങ്ങവെയായിരുന്നു ആക്രമണം. രാവിലെ പത്തുമണിയോടെ ഇ.പി. ജയരാജൻ തീവണ്ടിയിലെ വാഷ് ബേസിനില്‍ മുഖംകഴുകുന്നതിനിടെ ഒന്നാംപ്രതിയായ വിക്രംചാലില്‍ ശശി വെടിയുതിർക്കുകയായിരുന്നു. ഇ.പി. ജയരാജന്റെ കഴുത്തിനാണ് വെടിയേറ്റത്.
ശശിക്കുപുറമേ പേട്ട ദിനേശൻ, ടി.പി. രാജീവൻ, ബിജു, കെ. സുധാകരൻ എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍. പ്രതികള്‍ തിരുവനന്തപുരത്ത് താമസിച്ച് ഗൂഢാലോചന നടത്തിയെന്നും തുടർന്ന് ശശിയെയും ദിനേശനെയും ജയരാജനെ ആക്രമിക്കാൻ നിയോഗിച്ചെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഈ കേസില്‍നിന്ന് തന്നെ കുറ്റവിമുക്തനാക്കണം എന്നാവശ്യപ്പെട്ട് സുധാകരൻ നല്‍കിയ ഹർജിയില്‍ 2016-ല്‍ ഹൈക്കോടതി വിചാരണനടപടികള്‍ സ്റ്റേ ചെയ്തിരുന്നു.