രാഹുലിന് ഈ പാർലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാൻ കഴിയുമോ?
അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് അനുകൂലമായി സുപ്രീംകോടതി വിധി വന്നതോടെ അയോഗ്യത നീങ്ങിയിരിക്കുകയാണ്. രാഹുൽ വീണ്ടും എംപി സ്ഥാനത്തെത്തിയിരിക്കുന്നു. ഇനി ചോദ്യം ലോക്സഭാ അംഗത്വം പുനഃസ്ഥാപിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകാൻ ലോക്സഭാ സെക്രട്ടേറിയറ്റ് എത്ര സമയം എടുക്കും എന്നതാണ്. ചൊവ്വാഴ്ച തുടങ്ങുന്ന അവിശ്വാസ പ്രമേയ നടപടികളിൽ പങ്കെടുക്കാൻ രാഹുലിനാകുമോ എന്നതും ശ്രദ്ധേയമായ ചോദ്യമാണ്.
2019ലെ മോദി പരാമർശവുമായി ബന്ധപ്പെട്ട കേസിൽ 2022 ഓഗസ്റ്റ് 21നാണ് സൂറത്ത് സെഷൻസ് കോടതി രാഹുലിന് ശിക്ഷ വിധിച്ചത്. ഈ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തതായുള്ള ഉത്തരവിന്റെ പകർപ്പ് രാഹുൽ ലോക്സഭാ സെക്രട്ടേറിയറ്റിനു മുന്നിൽ ഹാജരാക്കണം. തന്റെ അംഗത്വം പുനഃസ്ഥാപിക്കണമെന്ന് സബ്മിഷൻ നൽകണം. ഇത് പരിശോധിച്ച് തീരുമാനമെടുത്ത് ലോക്സഭാ സെക്രട്ടേറിയറ്റ് തുടർന്ന് പരസ്യപ്രഖ്യാപനം നടത്തും. ഈ നടപടിക്രമങ്ങൾ പൂർത്തിയാകാൻ സമയമെടുക്കുമെന്നാണ് നിലവിലെ വിവരം. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ കാര്യത്തിൽ അംഗത്വം പുനഃസ്ഥാപിക്കാനെടുത്ത സമയം രണ്ട് മാസമാണ്. കേരള ഹൈക്കോടതിയായിരുന്നു അദ്ദേഹത്തെ കുറ്റക്കാരനാക്കിയ വിധി സ്റ്റേ ചെയ്തത്.