നാദാപുരത്ത് ഡോക്ടറെ കയ്യേറ്റം ചെയ്ത പ്രതികള്‍ അറസ്റ്റില്‍
നാദാപുരത്ത് ഡോക്ടറെ കയ്യേറ്റം ചെയ്ത പ്രതികള്‍ അറസ്റ്റില്‍. കണ്ണൂര്‍ ചൊക്ലി കരിയാട് സൗത്ത് സ്വദേശികളായ സനൂപ്, നവരംഗം വീട്ടില്‍ ശരത് എന്നിവരാണ് പിടിയിലായത്. നാദാപുരം പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. പ്രതികള്‍ ഡോക്ടറുടെ കോളറില്‍ കയറി പിടിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അന്വേഷണം നടത്തിയത്.
ശരത് എന്ന പേരിലെടുത്ത ഒപി ടിക്കറ്റില്‍ വന്നയാളും കൂടെയുണ്ടായിരുന്ന നാല് പേരും ആക്രമണം നടത്തിയെന്നായിരുന്നു പരാതി. ഇതില്‍ രണ്ട് പേര്‍ക്ക് ചെവിയില്‍ വേദന എന്ന് പറഞ്ഞായിരുന്നു എത്തിയത്. ഡോക്ടര്‍ മരുന്ന് എഴുതി നല്‍കുകയും നെബുലൈസേഷന് നിര്‍ദേശിക്കുകയും ചെയ്തു. ഇതിനിടെ മറ്റൊരാള്‍ കൂടി തനിക്ക് ചെവിയില്‍ വേദനയുണ്ടെന്ന് പറഞ്ഞതോടെ നഴ്സ് ഒപി ടിക്കറ്റെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഒപി ടിക്കറ്റെടുക്കാതെ മരുന്ന് എഴുതാനാകില്ലെന്ന് ഡോക്ടറും അറിയിച്ചു. ഇതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കയ്യേറ്റത്തിലേക്ക് നയിച്ചത്.