സിപിഐഎം സെമിനാറില്‍ സംശയമില്ല, കാലഘട്ടത്തിനനുസരിച്ച് പാര്‍ട്ടികള്‍ നിലപാടുകള്‍ മാറ്റും; കെഎന്‍എം
ഏക സിവില്‍ കോഡിനെതിരെ സിപിഐഎം സംഘടിപ്പിക്കുന്ന സെമിനാറിനെ സംശയത്തോടെ കാണേണ്ടതില്ലെന്ന് കേരള നദ്വത്തുല് മുജാഹീദീന്‍( കെഎന്‍എം) സംസ്ഥാന അദ്ധ്യക്ഷന്‍ ടി പി അബ്ദുല്ലക്കോയ മദനി. എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കും പുതിയ വ്യാഖ്യാനങ്ങളും പുനര്ചിന്തയുമുണ്ട്. അത് മറ്റുള്ളവര്‍ ചോദ്യം ചെയ്യേണ്ടതില്ല. കാലഘട്ടത്തിനും സാഹചര്യങ്ങള്‍ക്കും അനുസരിച്ച് മാറ്റങ്ങള്‍ എല്ലാ പ്രസ്ഥാനങ്ങളും ഉള്‍ക്കൊള്ളും. അന്നത്തെ സാഹചര്യത്തില്‍ എടുത്ത ഒരു നിലപാടിന്റെ പേരില്‍ ഇന്ന് അനിവാര്യമായ ഒരു ഐക്യത്തെ തകര്‍ക്കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസും കൂടെയുള്ള ഒരു കൂട്ടായ്മ വേണ്ടിയിരുന്നു എന്ന അഭിപ്രായമുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ തീരുമാനത്തിനനുസരിച്ചല്ല മുസ്ലിം സംഘടനകള്‍ നീങ്ങാറുള്ളതെന്നും ടി പി അബ്ദുല്ലക്കോയ മദനി പറഞ്ഞു.
സിപിഐഎം സെമിനാറില്‍ പങ്കെടുക്കുമെന്ന് കെഎന്‍എം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. രണ്ട് സമസ്ത വിഭാഗങ്ങളും സെമിനാറില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.