ഐഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി വ്യാഴാഴ്ചത്തേക്ക് മാറ്റി
കൊച്ചി: ഐഷ സുല്‍ത്താന നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി വ്യാഴാഴ്ചത്തേക്ക് മാറ്റി. ചാനല്‍ ചര്‍ച്ചയ്ക്കിടെ കേന്ദ്രസര്‍ക്കാരിനെതിരെ ‘ബയോ വെപ്പണ്‍’ പരാമര്‍ശം നടത്തിയെന്നതിന്റെ പേരില്‍ ആക്ടിവിസ്റ്റും ചലച്ചിത്രപ്രവര്‍ത്തകയുമായ ഐഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. ഇതേതുടര്‍ന്ന് നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതാണ് നീക്കിവെച്ചത്.
ഹര്‍ജിക്കാരിയുടെ കൂടി ആവശ്യപ്രകാരമാണ് ഹര്‍ജി മാറ്റിയത്. ഇതിനിടെ പ്രതീഷ് വിശ്വനാഥന് കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് കാട്ടി ഹൈക്കോടതിയില്‍ അപേക്ഷ നല്കി.
പൊലീസ് ഈ മാസം 20-ന് ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും പൊലീസിനോട് കൂടി മറുപടി തേടി കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റണമെന്നും ഹര്‍ജിക്കാരി ആവശ്യപ്പെടുകയായിരുന്നു. ഇത് പരിഗണിച്ച കോടതി, ലക്ഷദ്വീപ് പൊലീസിനോട് എന്തെല്ലാം കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജ്യദ്രോഹക്കുറ്റം – 124 എ – ചുമത്തിയതെന്ന് ആരാഞ്ഞു. അടുത്ത സിറ്റിംഗിന് മുമ്ബ് മറുപടി നല്‍കാനും നിര്‍ദേശം നല്കി.
ടിവി ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ബോധപൂര്‍വ്വം ആയിരുന്നില്ലെന്നും തന്റെ പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചാണ് കവരത്തി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നതെന്നും, ഐഷ സുല്‍ത്താന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പരാമര്‍ശം വിവാദമായതോടെ സമൂഹമാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞതായും ഐഷാ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.