കൊടകര കുഴല്‍പ്പണ കേസ്: പ്രതികളുടെ വീടുകളില്‍ റെയ്ഡ്
തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ സംഘം തട്ടിയെടുത്ത പണം കണ്ടെത്താനായി പ്രതികളുടെ വീടുകളില്‍ പോലീസ് റെയ്ഡ്. ആകെ നഷ്ടമായ മൂന്നര കോടിയില്‍ ഒരു കോടി രൂപയാണ് ഇതുവരെ കണ്ടെടുത്തിട്ടുള്ളത്. ബാക്കിയുള്ള രണ്ടര കോടി രൂപയ്ക്കായാണ് തെരച്ചില്‍ നടത്തുന്നത്.
കേസിലെ 12 പ്രതികളുടെ കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ വീടുകളിലാണ് പരിശോധന നടത്തുന്നത്. ഇരുപത് പേര്‍ക്കായി പണം നല്‍കിയെന്ന് പ്രതികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.
അതേസമയം, ബിജെപി തൃശൂര്‍ ജില്ലാ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിനെ ഇന്ന് ചോദ്യം ചെയ്യും. പണവുമായെത്തിയ ധര്മ്മരാജന് ഉള്‍പ്പെടെയുള്ള സംഘത്തിന് തൃശൂരില്‍ ഹോട്ടല്‍ മുറി എടുത്ത് നല്‍കിയത് സതീഷാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്.
കോഴിക്കോട് നിന്നും മൂന്നരക്കോടി കുഴല്‍പ്പണവുമായി വന്ന ധര്‍മ്മരാജനും സംഘത്തിനും തൃശൂര്‍ നാഷണല്‍ ഹോട്ടലില്‍ താമസമൊരുക്കിയത് ബിജെപി ജില്ലാ നേതൃത്വമാണെന്നാണ് ഹോട്ടല്‍ ജീവനക്കാരന് വ്യക്തമാക്കിയിരുന്നു. പണമിടപാടില്‍ ബിജെപി നേതാക്കളുടെ പങ്ക് കണ്ടെത്താനാണ് ചോദ്യം ചെയ്യല്‍.