ലക്ഷദ്വീപില്‍ രോഗികളെ എയര്‍ ആംബുലന്‍സില്‍ മാറ്റുന്നതില്‍ നിയന്ത്രണം
കൊച്ചി: വിവാദ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ സമാന നടപടികളുമായി വീണ്ടും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്. ദ്വീപിലെ എയര്‍ ആംബുലന്‍സ് സംവിധാനത്തിന് അഡ്മിനിസ്ട്രേഷന് നിയന്ത്രണം ഏര്‍പ്പെടുത്തി. വിദഗ്ധ ചികിത്സയ്ക്ക് എയര്‍ ആംബുലന്‍സില്‍ രോഗികളെ മാറ്റുന്ന കാര്യത്തില്‍ നാലംഗ സമിതിയുടെ അനുമതി വേണം.
രോഗികളെ കൊച്ചി, അഗത്തി, കവരത്തി എന്നിവിടങ്ങിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടക്കാന്‍ മെഡിക്കല്‍ ഡയറക്ടര്‍ ഉള്‍പ്പെടുന്ന നാലംഗ സമിതിയെയാണ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ നിയോഗിച്ചിരിക്കുന്നത്. രോഗികളെ മാറ്റുന്നതിനു ബന്ധപ്പെട്ട ദ്വീപിലെ മെഡിക്കല്‍ ഓഫിസര്‍ ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്ന രേഖകള്‍ പരിശോധിച്ചായിരിക്കും സമിതി തീരുമാനമെടുക്കു. ഇതുസംബന്ധിച്ച ഉത്തരവ് തിങ്കളാഴ്ചയാണു പുറപ്പെടുവിച്ചത്. സമിതിയുടെ അനുമതി ഇല്ലെങ്കില്‍ കപ്പല്‍ മുഖേനെ മാത്രമേ രോഗികളെ മാറ്റാന്‍ കഴിയൂ. മുന്‍കാലങ്ങളില്‍ രോഗികളെ ഹെലികോപ്റ്ററില്‍ എയര്‍ലിഫ്റ്റ് ചെയ്യാന്‍ അതതു ദ്വീപുകളിലെ മെഡിക്കല്‍ ഓഫീസര്‍ക്ക് അനുമതി നല്‍കാമായിരുന്നു.