യുപിഎ ആയിരുന്നു അധികാരത്തിലെങ്കില്‍ 15 മിനിറ്റുകൊണ്ട് ലഡാക്കില്‍ നിന്ന് ചൈനയെ തുരത്തിയേനെ: രാഹുല്‍ ഗാന്ധി
പട്യാല: യുപിഎ ആയിരുന്നു അധികാരത്തിലെങ്കില്‍ ലഡാക്കില്‍ നിന്ന് 15 മിനിറ്റു കൊണ്ട് ചൈനയെ തുരത്തുമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കാര്‍ഷിക ബില്ലിനെതിരെ പട്യാലയില്‍ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പ്രധാനമന്ത്രിക്ക് അറിയില്ല. കര്‍ഷകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന നിയമമാണെങ്കില്‍ എന്തുകൊണ്ടാണ് മോദി പഞ്ചാബിലേക്ക് വരാത്തതെന്നും കര്‍ഷകര്‍ക്കൊപ്പം നിന്ന് സംസാരിക്കാത്തതെന്നും രാഹുല്‍ ചോദിച്ചു. യുപിഎ ആയിരുന്നു കേന്ദ്രത്തില്‍ അധികാരത്തിലുള്ളതെങ്കില്‍ അയല്‍ രാജ്യത്തിന് ഇന്ത്യയുടെ നേര്‍ക്ക് ദുഷ്ടലാക്കോടെ ഒന്നു നോക്കാന്‍ പോലും സാധിക്കുമായിരുന്നില്ലെന്ന് രാഹുല്‍ പറഞ്ഞു. മോദി രാജ്യത്തെ ദുര്‍ബലമാക്കിയതിനാലാണ് ചൈനയ്ക്ക് ഇന്ത്യയിലേക്ക് കടക്കാനും നമ്മുടെ സൈനികരെ വധിക്കാനും സാധിച്ചത്. യുപിഎ ആയിരുന്നു അധികാരത്തിലെങ്കില്‍ 15 മിനിറ്റുകൊണ്ട് ചൈനയെ ഇന്ത്യയുടെ മണ്ണില്‍നിന്ന് പറിച്ചെറിയുമായിരുന്നു, അദ്ദേഹം പറഞ്ഞു.