രാജസ്ഥാനില്‍ ബിജെപി മുന്‍ എംഎല്‍എയെ ജനക്കൂട്ടം അടിച്ച് കൊലപ്പെടുത്തി
രാജസ്ഥാനിലെ ഭരത്പൂരില്‍ മുന്‍ ബിജെപി എംഎല്‍എയെ ജനക്കൂട്ടം അടിച്ച് കൊലപ്പെടുത്തി. ഹരിയാന സ്വദേശിയായ അതര്‍ സിങ് ഭദാനയാണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ ഒരു പാറ പൊടിക്കൽ കേന്ദ്രം വീണ്ടും തുറക്കുന്നതുമായി ബന്…

രാജസ്ഥാനിലെ ഭരത്പൂരില്‍ മുന്‍ ബിജെപി എംഎല്‍എയെ ജനക്കൂട്ടം അടിച്ച് കൊലപ്പെടുത്തി. ഹരിയാന സ്വദേശിയായ അതര്‍ സിങ് ഭദാനയാണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ ഒരു പാറ പൊടിക്കൽ കേന്ദ്രം വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സിങിനെയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന വ്യക്തിയെയും വടിയും കല്ലും ഉപയോഗിച്ചാണ് രോഷാകുലരായ ജനക്കൂട്ടം നേരിട്ടത്. ഞായറാഴ്ച രാത്രിയോടെ ഭാരത്പൂരിലെ ഭോണ്ടാ ഗ്രാമത്തിലാണ് സംഭവം നടന്നത്. കുറച്ച് കാലമായി ഈ കേന്ദ്രവുമായി ബന്ധപ്പെട്ട് സിങും നാട്ടുകാരും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു.
സിങും ഇയാളുടെ അടുത്ത സുഹൃത്തായ ഗഗന്‍ ശര്‍മയുമാണ് ആക്രമണത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ സിങ്ങിന്റെ നില ഗുരുതരമായതിനാല്‍ ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ നിന്ന് ഭാരത്പൂരിലെ മറ്റൊരു ആശുപത്രിയിലേക്കും സിങിനെ മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.




